പുളിന്താനം സെന്റ് ജോണ്‍സ് ബസ്ഫാഗെ പള്ളിയില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് പ്രവേശിക്കാനായില്ല
1338382
Tuesday, September 26, 2023 12:47 AM IST
പോത്താനിക്കാട്: അനുകൂല കോടതി വിധിയുമായി, പുളിന്താനം സെന്റ് ജോണ്‍സ് ബസ്ഫാഗെ യാക്കോബായ സുറിയാനി പള്ളിയില്‍ പ്രവേശിക്കാനെത്തിയ ഓര്‍ത്തഡോക്സ് വിഭാഗം .യാക്കോബായ പക്ഷത്തിന്റെ ശക്തമായ എതിർപ്പിനെതുടർന്ന് പിൻവാങ്ങി. പള്ളിയുടെ ഭരണം ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ യാക്കോബായ വിഭാഗം സമര്‍പ്പിച്ചിരുന്ന അപ്പീല്‍ ഡിവിഷന് ബെഞ്ച് കഴിഞ്ഞ മാസം തള്ളിയിരുന്നു. കോടതി വിധി നടപ്പിലാക്കാത്തതിനെതിരെ ഓര്‍ത്തഡോക്സ് വിഭാഗം പോത്താനിക്കാട് എസ്എച്ച്ഒയെ കക്ഷിയാക്കി നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ ഈ മാസം 28 നകം വിധി നടപ്പാക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.
ഇതേ തുടര്‍ന്നാണ് പള്ളിയില്‍ പ്രവേശിക്കുന്നതിന് പതിനഞ്ചോളം വൈദികരുടെ നേതൃത്വത്തില്‍ ഓര്‍ത്തഡോക്സ് വിഭാഗം ഇന്നലെ വീണ്ടും പള്ളിയില്‍ എത്തിയത്. എന്നാല്‍ യാക്കോബായ വിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഇവർക്ക് പള്ളിയില്‍ പ്രവേശിക്കാനായില്ല. യാക്കോബായ വിഭാഗക്കാര്‍ പള്ളി നടയ്ക്ക് താഴെയുള്ള ഗേറ്റ് പൂട്ടി സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് വിശ്വാസികള്‍ പ്രതിരോധം തീര്‍ക്കുകയായിരുന്നു.
മൂവാറ്റുപുഴ ഡിവൈഎസ്പി മുഹമ്മദ് റിയാസ്, പെരുമ്പാവൂര്‍ ഡിവൈഎസ്പി പി.പി. ഷംസ് എന്നിവരുടെ നേതൃത്വത്തില്‍ ഇരുന്നൂറോളം പോലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു. മുവാറ്റുപുഴ തഹസീല്‍ദാര്‍ രഞ്ജിത്ത് ജോര്‍ജും എത്തിയിരുന്നു. അഗ്നി രക്ഷാസേനയെ നിയോഗിച്ച് കട്ടര്‍ ഉപയോഗിച്ച് ഗേറ്റ് പൊളിക്കുന്നതിനുള്ള ശ്രമം പോലീസ് നടത്തിയെങ്കിലും കുട്ടികളും സ്ത്രീകളുമടക്കം നൂറുകണക്കിന് വിശ്വാസികള്‍ ഗേറ്റിനു സമീപം പ്രതിരോധം തീര്‍ത്തതോടെ പോലീസ് നടപടികള്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു.
ഗേറ്റിനിരുവശത്തുമായി ഇരുപക്ഷവും നിലയുറപ്പിച്ചതോടെ സംഘര്‍ഷം ഒഴിവാക്കാന്‍ ജില്ലാ കളക്ടറുടെ നിർദേശത്തെ തുടര്‍ന്ന് പോലീസും തഹസില്‍ദാറും ചേര്‍ന്ന് ഓര്‍ത്തഡോക്സ് വിഭാഗത്തെ പിന്തിരിപ്പിച്ചു. ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ കേസ് പരിഗണനയ്ക്കു വരുന്ന ഒക്ടോബര്‍ നാലിനകം വിധി നടപ്പിലാക്കി നല്‍കാമെന്ന ഉറപ്പാണ് അധികൃതര്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് നല്‍കിയിരിക്കുന്നത്. അതേസമയം ഹൈക്കോടതി ഡിവിഷന് ബഞ്ചിന്റെ വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും അതില്‍ തീരുമാനമാവാത്ത സാഹചര്യത്തില്‍ പള്ളി വിട്ടു കൊടുക്കാന്‍ തയാറല്ലെന്നുമാണ് യാക്കോബായ വിഭാഗത്തിന്റെ നിലപാട്.