മൂവാറ്റുപുഴ നഗരസഭയിൽ അധ്യക്ഷ സ്ഥാനത്തിനായി ഒരു വിഭാഗം കോൺ. അംഗങ്ങൾ
1338375
Tuesday, September 26, 2023 12:47 AM IST
മൂവാറ്റുപുഴ: മുൻധാരണയനുസരിച്ച് നഗരസഭാധ്യക്ഷൻ സ്ഥാനം നൽകണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം കോണ്ഗ്രസ് നഗരസഭാംഗങ്ങൾ കോണ്ഗ്രസ് നേതൃത്വത്തിനു കത്തു നൽകി. മൂവാറ്റുപുഴ നഗരസഭയിലെ കോണ്ഗ്രസ് നഗരസഭാംഗം ജിനു മടേയ്ക്കനാണ് കഴിഞ്ഞ ദിവസം നേതൃത്വത്തിന് കത്തു നൽകിയത്.
രണ്ടര വർഷം പിന്നിട്ടാൽ ചെയർമാൻ സ്ഥാനം കൈമാറണമെന്ന ധാരണ പാലിക്കണമെന്നാവശ്യപ്പെട്ടാണ് ജിനു മടേയ്ക്കൽ നേതൃത്വത്തെ സമീപിച്ചിരിക്കുന്നത്. എന്നാൽ നഗരസഭാധ്യക്ഷ സ്ഥാനം വീതം വയ്ക്കാൻ ധാരണ ഇല്ലെന്നാണ് നിലവിലെ നഗരസഭാധ്യക്ഷനായ കോൺഗ്രസിലെ തന്നെ പി.പി. എൽദോസിനെ അനുകൂലിക്കുന്നവരടക്കം വ്യക്തമാക്കുന്നത്. രണ്ടര വർഷം വീതം അധ്യക്ഷ സ്ഥാനം വീതം വയ്ക്കാൻ നേരത്തെ തന്നെ ധാരണയുണ്ടെന്ന് ജിനുവിനെ അനുകൂലിക്കുന്നവരും പറയുന്നുണ്ട്.
എന്നാൽ പാർട്ടി പ്രാദേശിക നേതൃത്വം ഇക്കാര്യത്തിൽ ഇതുവരെ മനസുതുറക്കാൻ തയ്യാറായിട്ടില്ല. 28 അംഗ നഗരസഭാംഗങ്ങളിൽ യുഡിഎഫിന് 13 ഉം എൽഡിഎഫിന് 11 ഉം അംഗങ്ങളാണുള്ളത്. കോണ്ഗ്രസ് 10, മുസ്ലിം ലീഗ് രണ്ട്, കേരള കോണ്ഗ്രസ് ജേക്കബ് ഒന്ന്, സിപിഎം ഏഴ്, സിപിഐ നാല്, കോണ്ഗ്രസ് വിമതൻ ഒന്ന്, സ്വതന്ത്രയടക്കം എൻഡിഎ മൂന്ന് എന്നിങ്ങനെയാണ് കക്ഷി നില. ഇതിൽ കോണ്ഗ്രസ് വിമതന്റെയും, എൻഡിഎ സ്വതന്ത്രയുടെയും പിന്തുണയും യുഡിഎഫിനാണ്. ഇതിൽ കോണ്ഗ്രസ് നഗരസഭാംഗമായ പ്രമീള ഗിരീഷ് കുമാർ കോണ്ഗ്രസ് നേതൃത്വമായി ഇടഞ്ഞു നിലവിൽ ഇടതുമുന്നണിക്ക് ഒപ്പമാണ് നിലകൊള്ളുന്നത്.
ഡിസിസി പ്രസിഡന്റിന്റെ വിപ്പ് ലംഘിച്ച് സ്ഥിരം സിമിതി അധ്യക്ഷയെ പുറത്താക്കാൻ എൽഡിഎഫിനെ പിന്തുണയ്ക്കുകയും പിന്നീട് സ്ഥിരംസമിതി അധ്യക്ഷയായി എൽഡിഎഫിന്റെ പിന്തുണയോടെ വിജയിക്കുകയും ചെയ്തതോടെ കോണ്ഗ്രസിന്റെ നേതൃത്വത്തിൽ പ്രമീളയെ കൂറുമാറ്റം നിയമപ്രകാരം അയോഗ്യയാക്കണമെന്നാവശ്യപ്പെട്ടു തെരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചിരിക്കുകയാണ്. നിലവിൽ നഗരസഭാധ്യക്ഷൻ അടക്കമുള്ള മുഴുവൻ യുഡിഎഫ് അംഗങ്ങളുടെയും പിന്തുണയുണ്ടങ്കിലെ നഗരസഭാധ്യക്ഷ സ്ഥാനത്തേക്ക് ജിനു മടേയ്ക്കലിനു വിജയിക്കാൻ കഴിയുകയുള്ളു.
നഗരസഭാധ്യക്ഷ സ്ഥാനം രാജിവയ്ക്കാൻ പി.പി. എൽദോസ് തയാറായില്ലെങ്കിൽ തൽക്കാലം ഒന്നും നടക്കാൻ സാധ്യതയില്ല. കർശന നിലപാടുകൾ സ്വീകരിക്കാനും നഗരസഭാധ്യക്ഷ സ്ഥാനത്തേക്ക് ജിനു മടേയ്ക്കലിനെ മത്സരിപ്പിച്ചു ജയിപ്പിക്കാനുഉള്ള ആത്മവിശ്വാസം നിലവിൽ പാർട്ടിക്കില്ല.