ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കണം: കോടതി
1338372
Tuesday, September 26, 2023 12:44 AM IST
കൊച്ചി: മട്ടാഞ്ചേരി വാട്ടര്‍ മെട്രോ ടെര്‍മിനലിന്റെ നിര്‍മാണം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ടെര്‍മിനല്‍ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ കൗണ്‍സിലര്‍ ടി.കെ. അഷറഫും രണ്ടു പ്രദേശവാസികളും നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് ദേവന് രാമചന്ദ്രനാണ് ഉത്തരവ് നല്‍കിയത്. ആദ്യത്തെ കരാറുകാരന് നിര്‍മാണം ഏറ്റെടുത്തില്ലെന്നും പുതിയ ടെൻഡര്‍ വിളിച്ചു ഒരു വര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാക്കുമെന്നും കൊച്ചി വാട്ടര്‍ മെട്രോ കോടതിയില്‍ അറിയിച്ചു. തുടര്‍ന്നാണ് ഈ സമയക്രമം പാലിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്.
നേരത്തെ ഹര്‍ജിയില്‍ മട്ടാഞ്ചേരി ടെര്‍മിനലിന്റെ വിവരങ്ങള്‍ക്കു പകരം ഫോര്‍ട്ടു കൊച്ചി വാട്ടര്‍ ടെര്‍മിനലിന്റെ വിശദാംശങ്ങളാണ് കൊച്ചി വാട്ടര്‍ മെട്രോ അധികൃതര്‍ നല്‍കിയത്. ഇതു രേഖപ്പെടുത്തി ഹര്‍ജി തീര്‍പ്പാക്കുകയും ചെയ്തിരുന്നു. പിന്നീട് ഈ തെറ്റു ചൂണ്ടിക്കാട്ടി വാട്ടര്‍ മെട്രോയുടെ അഭിഭാഷകന് തന്നെ കേസ് വീണ്ടും എടുപ്പിച്ചാണ് മട്ടാഞ്ചേരി ടെര്‍മിനലിന്റെ കാര്യം വ്യക്തമാക്കിയത്.