സസ്പെൻഷനിലുള്ള ദേവസ്വം ജീവനക്കാരെ തിരിച്ചെടുത്തതിൽ വിശദീകരണം തേടി കോടതി
1338371
Tuesday, September 26, 2023 12:44 AM IST
കൊച്ചി: മദ്യപിച്ചു ഡ്യൂട്ടിക്കെത്തിയതിന് സസ്പെന്‍ഷനിലായ ദേവസ്വം ജീവനക്കാരെ മതിയായ ശിക്ഷ നല്‍കാതെ എങ്ങനെയാണ് ജോലിക്ക് തിരിച്ചെടുത്തതെന്ന് ഹൈക്കോടതി. ഇതു വ്യക്തമാക്കി കൊച്ചിന് ദേവസ്വം ബോര്‍ഡും ബോര്‍ഡിലെ ചീഫ് വിജിലന്‍സ് ഓഫീസറും പത്തു ദിവസത്തിനകം സത്യവാങ്മൂലം നല്‍കണമെന്നും ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു.
എറണാകുളത്തപ്പന് ക്ഷേത്രത്തിലെ ഊട്ടുപുരയില്‍ ജീവനക്കാരന് മദ്യപിച്ചു ബഹളമുണ്ടാക്കിയ സംഭവത്തെത്തുടര്‍ന്ന് സ്വമേധയാ എടുത്ത ഹര്‍ജിയിലാണ് ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റീസ് സോഫി തോമസ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഈ ഉത്തരവു നല്‍കിയത്.
ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം ഇത്തരത്തില്‍ നടപടി നേരിട്ടവരുടെ വിവരങ്ങള്‍ കൊച്ചിന് ദേവസ്വം ബോര്‍ഡ് നല്കി. ഇവരില്‍ ചിലര്‍ക്കെതിരെ വിജിലന്‍സ് വിഭാഗം ശിപാര്‍ശ ചെയ്ത ശിക്ഷാ നടപടി ഒഴിവാക്കി ബോര്‍ഡ് ഉദാര നിലപാട് സ്വീകരിച്ചെന്ന് ഡിവിഷന് ബെഞ്ച് വിലയിരുത്തി.