കൃത്യമായ രേഖകളില്ല; ആഡംബര ബൈക്ക് പിടികൂടി
1338367
Tuesday, September 26, 2023 12:44 AM IST
കാക്കനാട്: നികുതി വെട്ടിക്കാൻ അന്യ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുകയും പിന്നീട് രജിസ്ട്രേഷൻ റദ്ദാക്കപ്പെടുകയും ചെയ്ത ആഡംബര ബൈക്ക് പിടികൂടി. പെരുമ്പാവൂർ കാലടി എംസി റോഡിൽ വച്ച് മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗം നടത്തിയ വാഹന പരിശോധനയിലാണ് 33 ലക്ഷം എക്സ് ഷോറൂം വില വരുന്ന ആഡംബര ബൈക്ക് പിടിച്ചെടുത്തത്. ഈ വാഹനം ലക്ഷ്വറി ടാക്സ് വെട്ടിക്കുന്നതിന് ആയി വ്യാജ മേൽവിലാസത്തിൽ ഹിമാചൽ പ്രദേശിൽ രജിസ്റ്റർ ചെയ്തു എറണാകുളത്ത് ഉപയോഗിക്കുകയായിരുന്നു.
കൊച്ചി സ്വദേശിയുടെ പേരിലാണ് ഈ വാഹനം രജിസ്റ്റർ ചെയ്തിരുന്നത്. മേൽവിലാസത്തിൽ സമർപ്പിച്ചിരുന്ന രേഖകൾ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഹിമാചൽ പ്രദേശ് ആർടിഒ ഈ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ വാഹനത്തിന് രേഖകൾ ഒന്നും ഇല്ലെന്നാണ് പറയുന്നത്. ഈ വാഹനം തെറ്റിദ്ധരിപ്പിച്ചു പെരുമ്പാവൂർ സ്വദേശിക്ക് കൈമാറുകയും ചെയ്തു. ഇനി ഏതാണ്ട് ആറര ലക്ഷത്തോളം നികുതി അടച്ച് രേഖകൾ ഹാജരാക്കിയാൽ മാത്രമേ വാഹനം ഉടമക്ക് തിരിച്ചു കിട്ടുകയുള്ളൂ.