വീട്ടിൽ കയറി യുവാവിനെ കുത്തിക്കൊലപ്പെടുത്തി
1338366
Tuesday, September 26, 2023 12:44 AM IST
കൂത്താട്ടുകുളം: യുവാവിനെ വീടുകയറി കുത്തിക്കൊലപ്പെടുത്തി. കല്ലുവളവിങ്കൽ സണ്ണി വർക്കിയുടെ മകൻ സോണിയാണ് (32) കൊല്ലപ്പെട്ട സംഭവത്തിൽ അയൽവാസി കാക്കൂർ മണക്കാട്ട് താഴം മഹേഷിനെ (44) പോലീസ് പിടികൂടി. ഇന്നലെ രാത്രി ഏഴോടെയാണ് സംഭവം. പണി കഴിഞ്ഞ് വീട്ടിലെത്തിയ സോണിയെ മഹേഷ് വീട്ടിൽ നിന്നും വിളിച്ചിറക്കി കുത്തുകയായിരുന്നു.
തലയ്ക്കും നെഞ്ചിനും കുത്തേറ്റ് വീടിനു മുറ്റത്തേക്ക് വീണ സോണിയെ അയൽക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആളുകൾ ഓടിയെത്തിയപ്പൊഴെക്കും പ്രതി ഓടി രക്ഷപ്പെട്ടു. സമീപത്തുള്ള സ്വന്തം വീട്ടിൽ കയറി വാതിൽ അടച്ച ഇയാളെ കൂത്താട്ടുകുളം പോലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. മൃതദേഹം കൂത്താട്ടുകുളം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. ഞായറാഴ്ചയും സോണിയെ മഹേഷ് വീടുകയറി ഭീഷണിപ്പെടുത്തിയതായി പറയുന്നു. മോളിയാണ് മരിച്ച സോണിയുടെ മാതാവ്. സഹോദരൻ: പരേതനായ സലി.