കെഎസ്യുവിന്റെ കുസാറ്റ് മാർച്ചിൽ കല്ലേറ്, ലാത്തിച്ചാർജ്
1338364
Tuesday, September 26, 2023 12:44 AM IST
കളമശേരി: കൊച്ചി സർവകലാശാലയിലേക്ക് കെഎസ്യു നടത്തിയ പ്രതിഷേധ മാർച്ചിനെ തുടർന്ന് പോലീസ് നടത്തിയ ലാത്തിച്ചാർജിൽ അഞ്ചു പേർക്ക് പരിക്ക്. സമരക്കാരുടെ കല്ലേറിൽ കളമശേരി പോലീസ് ഇൻസ്പെക്ടർ വിബിൻദാസ് കുഴഞ്ഞുവീണു. പ്രതിഷേധക്കാരായ എട്ടുപേരെ കളമശേരി പോലീസ് അറസ്റ്റ് ചെയ്തു.
കുസാറ്റ് മുൻ എസ്എഫ്ഐ നേതാവ് പി.കെ.ബേബിയുടെ നിയമനത്തെക്കുറിച്ചും നിയമനത്തിന് പുറകിലുള്ളവരെക്കുറിച്ചും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുസാറ്റ് അമിനിറ്റി ഹാളിന് സമീപത്തുനിന്ന് കുസാറ്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിലേക്ക് ആയിരുന്നു കെഎസ്യു ജില്ലാ കമ്മിറ്റിയുടെ മാർച്ച്.
മാർച്ച് അഡ്മിനിസ്ട്രേഷൻ മന്ദിരത്തിന്റെ പ്രധാന ഗേറ്റിന് സമീപം പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. അസിസ്റ്റന്റ് പോലീസ് കമ്മീഷണർ പി.വി.ബേബിയുടെയും കളമശേരി പോലീസ് ഇൻസ്പെക്ടർ വിബിൻദാസിന്റെയും നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു.
സമരക്കാർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. സമരക്കാർ കൂട്ടംകൂടി നിന്ന് ജലപീരങ്കിയെ പ്രതിരോധിച്ചു. കുറച്ചുസമയത്തിനുശേഷം ജലപീരങ്കി നിർത്തി. ഈ സമയം പ്രതിഷേധക്കാർ കൊടിയും കൊടി കെട്ടിയിരുന്ന വടിയും പോലീസിനു നേരെ എറിഞ്ഞു. ഇതെടുത്ത് പോലീസുകാർ തിരിച്ചും എറിഞ്ഞു. ഇതിനിടെ സമരക്കാരുടെ കല്ലേറ് ഏറ്റ് ഇൻസ്പെക്ടർ വിബിൻദാസ് കുഴഞ്ഞുവീണു. നെഞ്ചിലും ഇടതു കൈത്തണ്ടയിലും പരിക്കേറ്റ അദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടി.
ഇൻസ്പെക്ടർക്ക് കല്ലേറു കൊണ്ടതോടെ പോലീസ് ലാത്തിച്ചാർജ് നടത്തി. സമരക്കാരെ പോലീസ് ഓടിച്ചിട്ടടിച്ചു. സമരക്കാരിൽ നിന്ന് ഒറ്റപ്പെട്ട കളമശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.എം.നജീബിനെ പോലീസ് വളഞ്ഞിട്ട് അടിച്ചു. അസിസ്റ്റന്റ് പോലീസ് കമ്മീഷണർ അടിക്കരുത് എന്ന് പറഞ്ഞതോടെയാണ് പോലീസ് അടി നിർത്തിയത്. പുറത്തും കാലിനും പരിക്കേറ്റ നജീബ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
കല്ലെറിഞ്ഞവരെ പിടികൂടാനുള്ള ശ്രമത്തിനിടെ പോലീസ് യൂണിവേഴ്സിറ്റി ലൈബ്രറി പരിസരത്തു ള്ളവരെയും വിരട്ടി ഓടിച്ചു. പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ മിവ ജോളി, ആഷിക്, റഹ്മത്തുള്ള, മുബാസ് എന്നിവരെ പോലീസ് മെഡിക്കൽ കോളജിൽ പരിശോധനയ്ക്ക് വിധേയമാക്കി. ആസിൽ ജബ്ബാർ, അമർ മിഷാർ പല്ലച്ചി, റസാഖ്, സഫ്യാൻ, മിവ ജോളി, റഹ്മത്തുള്ള, ആഷിക്, മുബാസ് എന്നിവരെയാണ് പോലീസ് അറസ്റ്റ്ചെയ്തത്.