റോ റോ: സേതുസാഗർ-2 പണിമുടക്കി, ജെട്ടിയിൽ വൻ തിരക്ക്
1338185
Monday, September 25, 2023 2:26 AM IST
വൈപ്പിൻ: അറ്റകുറ്റപ്പണികൾ കഴിഞ്ഞ് പുനരാരംഭിച്ച സേതുസാഗർ -2 റോ റോ ജങ്കാർ തകരാറിനെതുടർന്ന് സർവീസ് നിർത്തിവച്ചു. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ഒരു ജങ്കാർ മാത്രമെ സർവീസിനുണ്ടാകുവെന്ന ബോർഡ് ജെട്ടികളിൽ സ്ഥാപിച്ചിട്ടുണ്ട്. വലിയ തകരാറാണെന്നാണ് സൂചന.
തകരാർ കണ്ടെത്തിയതിനെതുടർന്ന് ശനിയാഴ്ച രണ്ടു തവണ സേതുസാഗർ -2 സർവീസ് നിർത്തി വച്ചിരുന്നു. പിന്നീട് ഇന്നലെ രാവിലെ മുതലാണ് സർവീസ് പൂർണമായി നിലച്ചത്.
എട്ടുമാസത്തോളം കട്ടപ്പുറത്തിരുന്ന ജങ്കാർ പണികൾ കഴിഞ്ഞ് ഇറങ്ങിയിട്ട് ഒരു മാസം പോലും തികഞ്ഞിട്ടില്ല. ഇതിനിടയിലാണ് വീണ്ടും കടപ്പുറത്തായത്. ഈ സാഹചര്യത്തിൽ ഫോർട്ടു കൊച്ചി - വൈപ്പിൻ ജലപാതയിൽ യാത്രാ ദുരിതം കുറയ്ക്കാൻ ഒരു ജങ്കാർ വാടകക്കെടുത്ത് സർവീസ് നടത്താൻ കൊച്ചിൻ കോർപ്പറേഷൻ തയാറാകണമെന്ന് വൈപ്പിൻ ജനകീയ കൂട്ടായ്മ ചെയർമാൻ മജ്നു കോമത്ത് കൺവീനർ ജോണി വൈപ്പിൻ എന്നിവർ ആവശ്യപ്പെട്ടു.