സ്മാർട്ട് സിറ്റി പുനരധിവാസ മേഖലയിൽ റോഡിന്റെ സംരക്ഷണ ഭിത്തി തകർന്നു
1338183
Monday, September 25, 2023 2:26 AM IST
കാക്കനാട്: സ്മാർട്ട് സിറ്റി പുനരധിവാസ മേഖലയിൽ റോഡിന്റെ സംരക്ഷണ ഭിത്തി തകർന്നു. ഇന്നലെ രാത്രി മുതൽ പെയ്യുന്ന ശക്തമായ മഴയിലാണ് കരിങ്കൽ കെട്ട് വൻ ശബ്ദത്തോടെ തകർന്നത്.
14 വർഷം മുമ്പ് സ്മാർട്ട് സിറ്റി പദ്ധതിക്ക് വേണ്ടി ഈ പ്രദേശത്ത് പുനരധിവസിപ്പിച്ച 14 കുടുംബങ്ങളിൽപ്പെട്ട പുതുക്കര ഹസൈനാർ, സലാഹുദ്ധീൻ എന്നിവരുടെ ഭൂമിയുടെ സംരക്ഷണഭിത്തിയാണ് ഇന്നലെ പുലർച്ചെ തകർന്നുവീണത്.
കനത്ത മഴയെതുടർന്ന് ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഭൂമിയുടെ തൊട്ടു ചേർന്ന് നിർമിച്ചിട്ടുള്ള 20 അടി പൊക്കത്തിലുള്ള സംരക്ഷണഭിത്തി പൂർണമായും ഇടിഞ്ഞു വീഴുകയായിരുന്നു. സംരക്ഷണ ഭിത്തിക്ക് ഒപ്പം മുകളിൽ നിന്നുള്ള മണ്ണും നിലംപൊത്തി. ബാക്കിയുള്ള ഭൂമിയിൽ വലിയ വിള്ളലുകൾ രൂപപ്പെട്ടു. സലാഹുദ്ധീന്റെ വീട് അപകടാവസ്ഥയിലാണ്.
കനത്ത മഴയിൽ ഉയരത്തിലുള്ള ഭൂമിയിൽ വെള്ളം താഴ്ന്നതു മൂലമുണ്ടായ സമ്മർദം മൂലമാകാം കരിങ്കൽ ഭിത്തിയിടിഞ്ഞതെന്ന് കരുതുന്നു. സ്മാർട്ട് സിറ്റിക്കായി ഇവിടെനിന്ന് ഒരു കിലോമീറ്റർ ദൂരത്ത് പുനരധിവസിപ്പിച്ച മറ്റ് 44 കുടുംബങ്ങളും മണ്ണിടിച്ചിൽ ഭീഷണിയിലാണ്.
അവിടെ ഉപയോഗശൂന്യമായ പാറമടയ്ക്ക് അടുത്തുള്ള റോഡ് ഇടിഞ്ഞ് താഴ്ന്ന നിലയിലാണുള്ളത്. ഓഡിറ്റോറിയം റോഡും ഇടിഞ്ഞ് താഴ്ന്നുണ്ട്. തൊട്ടടുത്ത വീടുകളുടെ മുകളിലേക്ക് വീഴാൻ സാധ്യതയുണ്ട്.