ശബരി റെയിൽവേ ലൈൻ പദ്ധതി പുനരാരംഭിക്കണമെന്ന്
1338180
Monday, September 25, 2023 2:14 AM IST
മൂവാറ്റുപുഴ: അങ്കമാലി-എരുമേലി ശബരി റെയിൽവേ ലൈൻ പദ്ധതി പുനരാരംഭിക്കണമെന്നും കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് പുതുക്കി റെയിൽവേയ്ക്ക് നൽകിയ 3,810 കോടിയുടെ ഏറ്റവും പുതിയ എസ്റ്റിമേറ്റിന് അംഗീകാരം നൽകണമെന്നും ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എംപി കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനും, റെയിൽവേ ബോർഡ് ചെയർപേഴ്സണ് ജയ വർമ സിൻഹയ്ക്കും കത്തുനൽകി.
പന്പയെ ബന്ധിപ്പിക്കുന്ന ഫീഡർ ലൈൻ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് വേർപെടുത്താനുള്ള മറ്റൊരു നിർദേശം നിലനിൽക്കുന്ന സാഹചര്യത്തിലാണ് അങ്കമാലി-എരുമേലി ശബരി പദ്ധതി മരവിപ്പിക്കാൻ റെയിൽവേ ശ്രമിക്കുന്നതെന്ന പ്രചാരണം ശക്തമാണെന്നും ശബരിമല തീർഥാടകർക്ക് ഇത് ഗുണകരമല്ലെന്നും എംപി പറഞ്ഞു.
ചെങ്ങന്നൂരിൽനിന്ന് പന്പയിലേക്കുള്ള നിർദിഷ്ട ലൈൻ അങ്കമാലി- എരുമേലി പാതയ്ക്ക് ബദലായിരിക്കില്ലെന്ന് എംപി പറഞ്ഞു. പദ്ധതിയുടെ ആദ്യ 70 കിലോമീറ്റർ സ്ഥലമെടുപ്പിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
അതിൽ ഏറ്റെടുക്കേണ്ട ഭൂമി ഇതിനകം തന്നെ അതിർത്തി നിർണയിക്കുകയും സാമൂഹ്യ പ്രത്യാഘാത പഠനം പൂർത്തിയാക്കി 25 വർഷം പിന്നിട്ടിട്ടും പദ്ധതി പൂർണമായി പ്രവർത്തനക്ഷമമാകാത്തതിനാൽ ഭൂമിയുമായി ബന്ധപ്പെട്ട് ക്രയവിക്രയമോ നിർമാണമോ നടത്താനാകാതെ സ്ഥല ഉടമകൾ ബുദ്ധിമുട്ടുകകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അങ്കമാലി-എരുമേലി പാത നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളെയും തീർഥാടന കേന്ദ്രങ്ങളെയും വാണിജ്യ കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുമെന്നും എംപി പറഞ്ഞു. ഇടുക്കി ജില്ലയിലെ 50,000ത്തിലധികം ജനസംഖ്യയുള്ള തൊടുപുഴയെ റെയിൽ ഭൂപടത്തിൽ ഉൾപ്പെടുത്താനും പാത സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.