ബിഎംഎസിന് സമാന്തര തൊഴിലാളി സംഘടന ബിജെഎംഎസ് പ്രവർത്തനം തുടങ്ങി
1338176
Monday, September 25, 2023 2:05 AM IST
തോപ്പുംപടി: ബിജെപിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ബിഎംഎസിന് സമാന്തരമായി പുതിയ സംഘടനയായ ഭാരതീയ ജനതാ മസ്ദൂർ സംഘിന്റെ (ബിജെഎംഎസ്) കേരള ഘടകം പ്രവർത്തനമാരംഭിച്ചു. ബിജെപി ദേശീയ നേതൃത്വത്തിന്റെ സമ്മതത്തോടെയാണ് പുതിയ സാമാന്തര സംഘടന രൂപീകരിച്ചിട്ടുള്ളതെന്ന് പുതിയ സംഘടനയുടെ ഭാരവാഹികൾ പറഞ്ഞു.
കേരളത്തിലെ ബിജെപി, ബിഎംഎസ് നേതൃത്വങ്ങൾ ഈ സംഘനയെ അംഗീകരിച്ചിട്ടില്ല. അതേസമയം നേരത്തെ ബിജെപിയിലും ആർഎസ്എസിലും നേതൃനിരയിൽ പ്രവർത്തിച്ചിരുന്നവരാണ് പുതിയ സംഘടനയുടെ ഭാരവാഹികൾ.
കൊച്ചിയിൽ നടന്ന സംസ്ഥാനതല കൺവൻഷൻ തോപ്പുംപടി ബിയെംസ് സെന്ററിൽ ബിജെഎംഎസ് അഖിലേന്ത്യാ അധ്യക്ഷൻ ശാന്ത് പ്രകാശ് ജാദവ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റായി ഡോൾ ഗോവിനെയും ജനറൽ സെക്രട്ടറിയായി കെ.എം. ബാലകൃഷ്ണനെയും തെരഞ്ഞെടുത്തു.
അതേസമയം പുതിയ സംഘടനയ്ക്കെതിരേ സംസ്ഥാനത്തെ ബിജെപി നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. പാർട്ടിയിൽനിന്ന് നേരത്തെ പുറത്താക്കിയവരാണ് പുതിയ സംഘടനയുമായി എത്തിയിട്ടുള്ളതെന്നും നേതാക്കൾ പറയുന്നു.