വയര്‍ലെസ് സെറ്റ് എറിഞ്ഞു തകര്‍ത്ത കേസ്: അഭിഭാഷകന് അറസ്റ്റില്‍
1338175
Monday, September 25, 2023 2:05 AM IST
കൊച്ചി: പോലീസിന്റെ വയര്‍ലെസ് സെറ്റ് എറിഞ്ഞ് തകര്‍ത്തെന്ന കേസില്‍ അഭിഭാഷകനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശി മുഹമ്മദ് ഷെഹിനെയാണ് എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. 23ന് രാത്രി എസ്ആര്‍എം റോഡില്‍ വച്ചായിരുന്നു സംഭവം.
അഭിഭാഷകന് പുകവലിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട് വിവരം തിരക്കുന്നതിനിടെ ഇയാള്‍ തട്ടിക്കയറിയെന്നും എസ്എച്ച്ഒയുടെ കൈവശമുണ്ടായിരുന്ന വയര്‍ലെസ് സെറ്റ് പിടിച്ചുവാങ്ങി എറിഞ്ഞുതകര്ത്തെന്നും പോലീസ് പറഞ്ഞു.
പൊതുമുതല്‍ നശിപ്പിക്കല്‍, കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, അതിക്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കിയ അഭിഭാഷകനെ ജാമ്യത്തില്‍വിട്ടു.
അതേസമയം, അഭിഭാഷകന് നേരെയുണ്ടായ പോലീസ് അതിക്രമത്തിനെതിരെ എറണാകുളം ബാര്‍ അസോസിയേഷന് രംഗത്തെത്തി. പോലീസ് അതിക്രമം ചോദ്യം ചെയ്തതിന് വയര്‍ലെസ് തകരാറിലാക്കി എന്ന കള്ളക്കേസ് ഉണ്ടാക്കിയിരിക്കുകയാണെന്ന് അസോസിയേഷന് പത്രക്കുറിപ്പില്‍ ആരോപിച്ചു.
പോലീസ് മര്‍ദനത്തില്‍ അഭിഭാഷകന്റെ തലയ്ക്ക് പരിക്കേറ്റെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അസോസിയേഷന് ആവശ്യപ്പെട്ടു. അഡ്വക്കേറ്റ് ജനറലിന് പരാതി നല്‍കുമെന്നും അസോസിയേഷന് വ്യക്തമാക്കി.