ഫോര്‍ട്ടുകൊച്ചി ബീച്ചിന്റെ മുഖം മിനുക്കൽ 1.69 കോടിയുടെ പദ്ധതിയുമായി കെഎംആര്‍എല്‍
1338174
Monday, September 25, 2023 2:05 AM IST
കൊച്ചി: വിദേശ വിനോദ സഞ്ചാരികള്‍ ഏറെ എത്തുന്ന ഫോര്‍ട്ടുകൊച്ചി ബീച്ചിന് പുത്തന്‍ മുഖച്ഛായ നല്കാന് 1.69 കോടിയുടെ പദ്ധതിയുമായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍). ബീച്ചിലും പാര്‍ക്കിലുമായി എത്തുന്ന സഞ്ചാരികള്‍ക്കും പ്രദേശവാസികള്‍ക്കും ഗുണകരമാകുന്ന നിലയില്‍ ആധുനിക നിലവാരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തികള്‍ക്കാണ് ഇന്ന് തറക്കല്ലിടുന്നത്.
നിര്‍മാണോദ്ഘാടനം ബീച്ചിന് സമീപമുള്ള കൊച്ചിന് ക്ലബ്ബില്‍ ഇന്ന് രാവിലെ 10ന് മേയര്‍ എം. അനില്‍കുമാര്‍ നിര്‍വഹിക്കും. കെ.ജെ. മാക്സി എംഎല്‍എ, കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ, കൗണ്‍സിലര്‍ ആന്റണി കുരീത്തറ തുടങ്ങിയവര്‍ പങ്കെടുക്കും.
പദ്ധതിയുടെ ഭാഗമായി ഫോര്‍ട്ടുകൊച്ചി ബീച്ചിലേക്കുള്ള നടപ്പാതയിലെ പൊട്ടിയ ടൈലുകള്‍ മാറ്റിസ്ഥാപിക്കും. പ്രവര്‍ത്തനരഹിതമായ വഴിവിളക്കുകള്‍ പുനസ്ഥാപിക്കും. കൂടുതൽ വഴിവിളക്കുകള്‍ സ്ഥാപിക്കും. ബീച്ചിന് സമീപം മൂന്ന് ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.
നടപ്പാതയില്‍ സ്ഥാപിച്ചിരിക്കുന്ന ചരിത്രപ്രധാനമായ സ്മാരകങ്ങള്‍ സംരക്ഷിക്കുന്നതിനായുള്ള നടപടികള്‍ പുരാവസ്തു സംരക്ഷണ വകുപ്പുമായി ചേര്‍ന്ന് സ്വീകരിക്കും.
വാട്ടര്‍ മെട്രോ ടെര്‍മിനലിന് സമീപം നിലവില്‍ മത്സ്യവില്പന നടത്തുന്നവര്‍ക്കായി ആധുനിക രീതിയിലുള്ള അഞ്ച് കിയോസ്കുകളും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ നേതൃത്വത്തിലുള്ള നവീകരണ പ്രവര്‍ത്തങ്ങളുടെ ഭാഗമായി നിര്‍മിച്ചു നല്‍കും.
1.69 കോടി രൂപയാണ് പദ്ധതിയുടെ ചെലവ് കണക്കാക്കുന്നത്. വാട്ടര്‍ മെട്രോ ടെര്‍മിനല്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടെ വിനോദസഞ്ചാരികള്‍ക്ക് കൊച്ചിയുടെ കായല്‍ ഭംഗി ആസ്വദിച്ച് ഗതാഗതക്കുരുക്കില്‍പ്പെടാതെ ഫോര്‍ട്ടുകൊച്ചിയിലേക്ക് എത്താനാകും.
ഇതിന് മുന്നോടിയായാണ് ടെര്‍മിനലിന് സമീപമുള്ള പ്രദേശങ്ങളും നവീകരിക്കാന്‍ കെഎംആര്‍എല്‍ തീരുമാനിച്ചിരിക്കുന്നത്.