ഗോതുരുത്ത് വള്ളംകളി താണിയനും മടപ്ലാന്തുരുത്തും ജേതാക്കൾ
1338170
Monday, September 25, 2023 2:05 AM IST
ഗോതുരുത്ത്: ഇരുട്ടുകുത്തി വള്ളങ്ങൾ ഇഞ്ചോടിഞ്ച് പൊരുതിയ 86-ാമത് ഗോതുരുത്ത് വള്ളംകളിയിൽ താണിയനും മടപ്ലാന്തുരുത്തും ജേതാക്കൾ.
എ ഗ്രേഡ് ഫൈനലിൽ താന്തോണിത്തുരുത്ത് ബോട്ട് ക്ലബ് കൊച്ചിൻ ടൗൺ തുഴഞ്ഞ താണിയൻ, പൊഞ്ഞനത്തമ്മ നമ്പർ വണ്ണിനെ പരാജയപ്പെടുത്തി. ബി ഗ്രേഡിലെ കലാശപ്പോരിൽ രണ്ട് ദിവസം മുമ്പ് മടപ്ലാന്തുരുത്ത് ബോട്ട് ക്ലബ് നീറ്റിലിറക്കിയ മടപ്ലാതുരുത്ത്, ചെറിയപണ്ഡിതനെ കീഴടക്കി.
കരയിലും പുഴയിലും ഒരു പോലെ ആവേശം വിതറിയ മത്സരങ്ങളിൽ പലതിലും ഫോട്ടോ ഫിനിഷിംഗിലൂടെയാണ് വിജയികളെ തീരുമാനിച്ചത്. പെരിയാറിന്റെ കൈവഴിയിൽ നടക്കുന്ന വാശിയേറിയ ജലമാമാങ്കം കാണാൻ മൂത്തകുന്നത്തും ഗോതുരുത്തിലും ഇരുകരകളിലായി ആയിരങ്ങളാണ് എത്തിയത്.
കടൽവാതുരുത്ത് ഹോളിക്രോസ് പള്ളിയിലെ വിശുദ്ധ കുരിശിന്റെ മഹത്വീകരണ തിരുനാളിന്റെ ഭാഗമായി ഗോതുരുത്ത് ദി സ്പോർട്സ് ആൻഡ് ആർട്സ് ക്ലബാണു (എസ്എസി) ജലമേള സംഘടിപ്പിച്ചത്. ഇരു വിഭാഗങ്ങളിലായി 18 വള്ളങ്ങൾ മാറ്റുരച്ചു.
പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വള്ളംകളി ഉദ്ഘാടനം ചെയ്തു. എസ്എസി പ്രസിഡന്റ് മിൽട്ടൻ അംബ്രോസ് അധ്യക്ഷനായി. വടക്കേക്കര എച്ച്എംഡിപി സഭ പ്രസിഡന്റ് ഇ.പി. സന്തോഷ് പതാക ഉയർത്തി. ഫാ. ഷിജു കല്ലറയ്ക്കൽ ട്രാക്ക് ആശീർവദിച്ചു.
യൂണിമണി ഫിനാൻഷ്യൽ സർവീസ് ലിമിറ്റഡ് ഡയറക്ടർ കൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു. ജേതാക്കൾക്കു യൂണിമണി ഫിനാൻഷ്യൽ സർവീസ് ലിമിറ്റഡ് സിഎഫ്ഒ മനോജ് വി. മാത്യു ട്രോഫി നൽകി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ പഞ്ചായത്തംഗങ്ങളായ എ.എസ്. അനിൽകുമാർ, ഷാരോൺ പനയ്ക്കൽ, പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ലീന വിശ്വൻ, രശ്മി അനിൽകുമാർ, ക്ലബ് ഭാരവാഹികളായ നിവിൻ സെബാസ്റ്റ്യൻ, നിവിൻ മിൽട്ടൺ എന്നിവർ സംസാരിച്ചു.