ആനക്കൊമ്പു കേസ്: തുടര്‍നടപടികള്‍ക്ക് സ്റ്റേ
1336668
Tuesday, September 19, 2023 5:40 AM IST
കൊച്ചി: നടന് മോഹന്‍ലാലിനെതിരായ ആനക്കൊമ്പു കേസില്‍ പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലെ നടപടികള്‍ ഹൈക്കോടതി ആറു മാസത്തേക്ക് സ്റ്റേ ചെയ്തു. കേസ് പിന്‍വലിക്കാന്‍ നല്കിയ ഹര്‍ജി നേരത്തെ തള്ളിയ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി, നവംബര്‍ മൂന്നിന് മോഹന്‍ലാല്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു.
ഇതിനെതിരെ മോഹന്‍ലാല്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന് കേസിലെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്തത്. ഹര്‍ജി വീണ്ടും പരിഗണിക്കാനായി ഈ മാസം 26ലേക്ക് മാറ്റി. കേസില്‍ കക്ഷി ചേരാന്‍ ആലുവ സ്വദേശി എ.എ. പൗലോസ്, പത്തനംതിട്ട കലഞ്ഞൂര്‍ സ്വദേശി ജയിംസ് മാത്യു എന്നിവര്‍ നല്കിയ ഹര്‍ജി അനുവദിച്ചിട്ടുമുണ്ട്.
തേവരയിലെ മോഹന്‍ലാലിന്റെ വീട്ടില്‍ 2011 ഡിസംബര്‍ 21ന് ആദായനികുതി വകുപ്പിന്റെ പരിശോധനയിലാണ് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ആനക്കൊമ്പുകള്‍ കൈവശം വച്ചതിന് നടന് മോഹന്‍ലാലിനെതിരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കേസെടുത്തു.
ആനക്കൊമ്പുകള്‍ പിടിച്ചെടുക്കുമ്പോള്‍ ഇവ നിയമപരമായി കൈവശം വയ്ക്കാനുള്ള സര്‍ട്ടിഫിക്കറ്റ് മോഹന്‍ലാലിന് ഉണ്ടായിരുന്നില്ല. തൃശൂര്‍ ഒല്ലൂര്‍ സ്വദേശി പി.എന്‍. കൃഷ്ണകുമാര്‍, ചെന്നൈ സ്വദേശിനി നളിനി രാധാകൃഷ്ണന് എന്നിവരുടെ പക്കല്‍ നിന്നാണ് മോഹന്‍ലാലിന് ആനക്കൊമ്പുകള്‍ ലഭിച്ചതെന്ന് കണ്ടെത്തി ഇവരെയും പ്രതി ചേര്‍ത്തിരുന്നു.
മോഹന്‍ലാലിന് ആനക്കൊമ്പുകള്‍ കൈവശം വയ്ക്കാന്‍ പിന്നീട് അനുമതി നല്‍കിയതോടെ കേസ് തുടരുന്നതില്‍ കാര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇതു പിന്‍വലിക്കാന്‍ വിചാരണക്കോടതിയില്‍ സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്.