ട്രോളിംഗ് നിരോധനം വന്നതോടെ കടലിൽ ഇനി വള്ളക്കാരുടെ ഊഴം
1301853
Sunday, June 11, 2023 7:02 AM IST
വൈപ്പിൻ: ട്രോളിംഗ് നിരോധനം പ്രാബല്യത്തിൽ വന്നതോടെ യന്ത്രവത്കൃത ഫിഷിംഗ് ബോട്ടുകൾ എല്ലാം തീരമണഞ്ഞു. ഇനി കടലിൽ പരമ്പതാഗത വള്ളക്കാരുടെ ഊഴമാണ്. മൺസൂൺ കനത്ത് നല്ലപോലെ മഴ പെയ്ത് കടൽ ഇളകി മറിഞ്ഞാൽ തീരത്ത് വിരുന്നുവരുന്ന ചാകരക്കോളാണ് പരമ്പതാഗത മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷ.
മഴയൊതുങ്ങി വെയിൽ ഒന്ന് തെളിയണം. ഈ സമയം പൂവാലൻ, നാരൻ ചെമ്മീനുകളും ചാള, അയല, കുടുത, വറ്റ, വേളൂരി, കൊഴുവ എന്നീ മത്സ്യങ്ങളും കൂട്ടത്തോടെ തീരത്തുവരും. ഇതോടെ തീരങ്ങൾ ചാകരയുടെ ഉത്സവലഹരിയിലമരും. കഴിഞ്ഞ തവണ ചെമ്മീൻ വളരെ കുറവായിരുന്നെങ്കിലും ചാളയുടെ സമൃദ്ധി വള്ളക്കാരെ രക്ഷിച്ചു. ലക്ഷക്കണക്കിനു രൂപയുടെ ചാളയാണ് കഴിഞ്ഞ സീസണിൽ ഇവർ കടലിൽനിന്നു കരയിലെത്തിച്ചത്.
ഇക്കുറിയും കടലിൽ ചാളയുടെ സാന്നിധ്യം കൂടുതലുണ്ടെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. മാത്രമല്ല, പൂവാലൻ ചെമ്മീനും നാരൻ ചെമ്മീനുമെല്ലാം കടലിൽ സാന്നിധ്യമറിയിച്ചിട്ടുണ്ടത്രേ. ഇനി കാലാവസ്ഥ കൂടി അനുകൂലമാകണമെയെന്ന പ്രാർഥനയിലാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ.