മുനമ്പം-അഴീക്കോട് പാലം നിര്‍മാണോദ്ഘാടനം ഇന്ന്
1301290
Friday, June 9, 2023 12:59 AM IST
വൈപ്പിൻ: എറണാകുളം-തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന മുനമ്പം-അഴീക്കോട് പാലത്തിന്റെ നിര്‍മാണോദ്ഘാടനം ഇന്ന് അഴീക്കോട് ജെട്ടി ഐഎംയുപി സ്കൂളില്‍ രാത്രി എട്ടിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ അധ്യക്ഷനാകും. മന്ത്രിമാരായ കെ. രാജന്, പി. രാജീവ്, കെ. രാധാകൃഷ്ണന്, ഡോ. ആര്. ബിന്ദു എന്നിവര്‍ വിശിഷ്ടാതിഥികളാകും. എംപിമാരായ ബെന്നി ബെഹനാന്, ഹൈബി ഈഡന്, കെ.എന്‍. ഉണ്ണിക്കൃഷ്ണന് എംഎല്‍എ, തൃശൂര്‍ ജില്ലാ കളക്ടര്‍ വി.ആര്. കൃഷ്ണതേജ, തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് എന്നിവര്‍ മുഖ്യാതിഥികളാകും.
പാലത്തിന്റെ അനുബന്ധ ചെലവുകൾക്ക് ഉൾപ്പെടെ കിഫ്ബിയില്‍നിന്ന് 160 കോടി രൂപയാണ് അനുവദിച്ചത്. പാലത്തിനു മാത്രം 143.28 കോടി രൂപ ചെലവ് വരും. 868.7 മീറ്ററാണ് നീളം. അപ്രോച്ച് റോഡ് ഉള്‍പ്പെടെ മൊത്തം നീളം 1123.35 മീറ്റർ വരും. വീതി 15.70 മീറ്റര്‍. തീരദേശ ഹൈവേയിലെ വലിയ പാലങ്ങളില്‍ ഒന്നായ ഈ പാലത്തില്‍ ഇരുവശത്തും 1.50 മീറ്റര്‍ വീതിയുള്ള നടപ്പാതയും നടപ്പാതയോട് ചേര്‍ന്ന് 1.80 മീറ്റര്‍ വീതിയുള്ള സൈക്കിള്‍ ട്രാക്കും ഉണ്ടാകും. കായലിന്റെ മധ്യഭാഗത്ത് ഓരോ വർഷവും ഡ്രഡ്ജിംഗ് നടത്തുന്നതിന് നാലുകോടി രൂപ വ്യവസ്ഥ ചെയ്തിട്ടുണ്ട്.