ആലുവയിൽ ഹരിതകർമ സേന പിരിച്ചുവിട്ട് പുതിയത് രൂപീകരിച്ചു
1301289
Friday, June 9, 2023 12:59 AM IST
ആലുവ: കുടുംബശ്രീയുടെ നേതൃത്വത്തിൽ മാലിന്യ സംസ്കരണ പദ്ധതി നടപ്പാക്കാൻ രൂപീകരിച്ച ഹരിതകർമ സേന ഭാരവാഹി തർക്കത്തെത്തുടർന്ന് ആറു മാസത്തിനു ശേഷം പിരിച്ചുവിട്ടു. നിലവിലെ സെക്രട്ടറിയടക്കം ഏതാനും ഭാരവാഹികളെ മാറ്റി പുതിയ സമിതിയെ ഇന്നലെ ചേർന്ന യോഗം തെരഞ്ഞെടുത്തു.
ആലുവ നഗരസഭാ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ ആറു മാസം മുമ്പാണ് ഹരിതകർമ സേനയുടെ സെക്രട്ടറിയായി മുൻ സിഡിഎസ് പ്രസിഡന്റ് ശോഭ ഓസ്വിനെ 19 അംഗ സമിതി തെരഞ്ഞെടുത്തത്.
സർക്കാർ നിർദേശ പ്രകാരം ഹരിതകർമ സേനയ്ക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങാൻ ശ്രമിച്ചതോടെയാണ് നിലവിലെ സിഡിഎസ് ഭാരവാഹികൾ എതിർപ്പുമായി രംഗത്തെത്തിയത്. സെക്രട്ടറി മാറാതെ ബാങ്ക് അക്കൗണ്ട് തുടങ്ങാനായി എൻഒസി നൽകില്ലെന്ന് ഇവർ നിലപാടെടുക്കുകയായിരുന്നു. ഇതോടെ മാലിന്യം ശേഖരിക്കുന്ന പദ്ധതി പുനരാരംഭിക്കാൻ കഴിയാതെ നഗരസഭ വെട്ടിലായി. ഇതിന് പരിഹാരം എന്ന നിലയ്ക്കാണ് ഹരിതകർമ സേനയുടെ സെക്രട്ടറിയെ മാറ്റി പുതിയ വനിതയെ ഇന്നലെ തെരഞ്ഞെടുത്തത്.
തിങ്കളാഴ്ച മുതൽ ഹരിത കർമസേനയുടെ നേതൃത്വത്തിലാണ് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുക. ജൈവ മാലിന്യം അവരവരുടെ വീടുകളിൽ കൈകാര്യം ചെയ്യണം. ജൈവമാലിന്യ സംസ്കരണ ബിന്നുകൾ ഇതിനായി ഉപയാഗിക്കാം.
10 ലക്ഷം രൂപ നഗരസഭയ്ക്ക് സർക്കാർ അനുവദിച്ചിട്ടുണ്ട്.