പെരിയാറിൽ വീണ്ടും മത്സ്യക്കുരുതി
1301287
Friday, June 9, 2023 12:59 AM IST
ഏലൂർ: പെരിയാറിൽ മണ്ണംതുരുത്ത് ഏലൂർ ഫെറിക്കടവ്, വടക്കുഭാഗം എന്നിവിടങ്ങളിൽ ഇന്നലെ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി. ഉച്ചയോടെയായിരുന്നു സംഭവം. അധികവും കരിമീൻ വിഭാഗത്തിൽപ്പെട്ട മത്സ്യങ്ങളാണ് ചത്തത്.
ഡാമുകൾ തുറക്കുന്നതിന്റെ ഭാഗമായി റെഗുലേറ്റർ കം ബ്രിഡ്ജിലെ രണ്ടു ഷട്ടറുകൾ ചൊവ്വാഴ്ച തുറന്നിരുന്നു. പെരിയാറിന്റെ പരിസരത്തെ താഴ്ന്ന പ്രദേശങ്ങളിലെ ഡാമുകൾ തുറക്കുമ്പോൾ വെള്ളക്കെട്ട് ഒഴിവാക്കാനാണ് ഷട്ടറുകൾ തുറന്നിട്ടത്. ഇതിനിടയിൽ ബ്രിഡ്ജിന്റെ അടിഭാഗത്ത് അടിഞ്ഞുകിടന്ന കാർബൺ ഒഴുകിയെത്തി ശ്വസിച്ചതിനാലാകാം മീനുകൾ ചത്തുപൊങ്ങിയതെന്നാണ് പ്രാഥമിക നിഗമനം. പരിസരവാസികളുടെ പരാതിയെത്തുടർന്ന് അധികാരികളെത്തി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.
ചത്തുപൊങ്ങിയ മീനുകൾ മത്സ്യതൊഴിലാളികൾ കോരിയെടുത്തത് കുഴിച്ചുമൂടി. ഇത്തരത്തിലുള്ള മീനുകൾ ചിലർ കോരിയെടുത്ത് കൊണ്ടുപോയി. ഈ മത്സ്യങ്ങൾ ശേഖരിക്കരുതെന്നും ഇവ കഴിച്ചാൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പു നൽകി. ചത്തുപൊങ്ങിയ മീനുകൾ ചിലർ മാർക്കറ്റിൽ വില്പനയ്ക്കെത്തിച്ചതായും ആക്ഷേപമുണ്ട്.