ജലാശയങ്ങളിലെ തടസങ്ങൾ നീക്കും: മന്ത്രി പി. രാജീവ്
1301285
Friday, June 9, 2023 12:55 AM IST
കളമശേരി: ജില്ലയിലെ പ്രധാന ജലാശയങ്ങളിലെ നീരൊഴുക്ക് സുഗമമാക്കാനുള്ള ഓപ്പറേഷൻ വാഹിനിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി. മുട്ടാർ പുഴ, മാഞ്ഞാലി തോട്, ഇടപ്പള്ളി തോട്, കൈപ്പെട്ടിപ്പുഴ തോട് ഉൾപെടെ പെരിയാറിന്റെ കൈവഴികൾ ഉൾപ്പെടെയുള്ള ജലാശയങ്ങളിൽ 37 കേന്ദ്രങ്ങളിലാണ് നീരൊഴുക്ക് തടസപ്പെടുത്തുന്ന ചെളിയും എക്കലും നീക്കംചെയ്യുക. പദ്ധതിക്കായി 4.44 കോടി രൂപയാണ് ചെലവഴിക്കുകയെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു.
മാർത്താണ്ഡ വർമ പാലം മുതൽ വരാപ്പുഴ വരെയുള്ള ഭാഗത്തെ ആറു റീച്ചുകൾ, മാഞ്ഞാലി തോട് ചൂണ്ടാംതുരുത്ത് പാലം വരെയുള്ള ഭാഗം, കൈപ്പെട്ടിപ്പുഴ, കരുമാലൂർ, ആലങ്ങാട് പഞ്ചായത്തുകളിലെ ഭാഗം, ആറ്റിപ്പുഴ തോട്, ഇടപ്പള്ളി തോടിലെ 4 ഭാഗങ്ങൾ തുടങ്ങിവയാണ് 37 കേന്ദ്രങ്ങൾ. ചാത്യാത്ത് തോട്, മംഗളവനം തോട്, ഞാറയ്ക്കൽ തോട്, കുഴുപ്പള്ളി തോട് തുടങ്ങിയവയും പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്.
മന്ത്രിയുടെ നേതൃത്വത്തിൽ കളമശേരിയിൽ ആവിഷ്കരിച്ച പദ്ധതിയുടെ ഒന്നാംഘട്ടം വിജയകരമായി പൂർത്തിയാക്കിയിരുന്നു. കഴിഞ്ഞ കാലവർഷത്തിലുൾപ്പെടെ വെള്ളക്കെട്ട് ഒഴിവാക്കാനായത് ഇത് മൂലമാണ്. രണ്ടാം ഘട്ട പ്രവർത്തനങ്ങൾ 20 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു.