ചെല്ലാനം ടെട്രാപോഡ് സംരക്ഷണ ഭിത്തി രണ്ടാംഘട്ടം നവംബറില്‍ ആരംഭിക്കും: മന്ത്രി റോഷി അഗസ്റ്റിന്
1301283
Friday, June 9, 2023 12:55 AM IST
കൊച്ചി: ചെല്ലാനം തീരപ്രദേശത്തെ ടെട്രാപോഡ് കടല്‍ ഭിത്തിയുടെ ഒന്നാംഘട്ടം നവംബര്‍ ആദ്യം ഉദ്ഘാടനം ചെയ്യാനാകുമെന്നും അതോടൊപ്പം രണ്ടാംഘട്ടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയുമെന്നും മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു. ചെല്ലാനത്തെ ടെട്രാപോഡ് തീരസംരക്ഷണ ഭിത്തിയുടെ ആദ്യഘട്ട നിര്‍മാണ പുരോഗതിയും തീരദേശത്തെ നിലവിലെ സാഹചര്യങ്ങളും വിലയിരുത്താന്‍ എത്തിയതായിരുന്നു മന്ത്രി. ആദ്യഘട്ടത്തിലെ 90 ശതമാനം നിര്‍മാണവും പൂര്‍ത്തിയായി. കടല്‍ഭിത്തിയോടു ചേര്‍ന്ന നടപ്പാതയുടെ നിര്‍മാണവും പുരോഗമിക്കുകയാണ്. സുരക്ഷ കണക്കിലെടുത്ത് നടപ്പാതയ്ക്ക് ഇരുവശവും സംരക്ഷണവേലി നിര്‍മിക്കുമെന്നും മന്ത്രി പറഞ്ഞു. ബസാര്‍ ഭാഗത്തെ ആറ് പുലിമുട്ടുകളില്‍ മൂന്നെണ്ണം പൂര്‍ത്തിയായി. രണ്ടാംഘട്ടത്തില്‍ ഒമ്പതു പുലിമുട്ടുകള്‍ കൂടി സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.പദ്ധതി ഉദ്ഘാടനം ചെയ്യുന്നതോടെ വന്‍ ടൂറിസം വികസത്തിന് കൂടിയാണ് ചെല്ലാനത്ത് തുടക്കംകുറിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
തീരദേശത്ത് ടെട്രാ പോട്ടുകൾ കൊണ്ടുവന്ന് ഉപ്പുവെള്ളത്തില്‍ വളരുന്ന സസ്യങ്ങളും കണ്ടല്‍ക്കാടുകളും വച്ചുപിടിപ്പിച്ച് മനോഹരമാക്കി ടൂറിസം സാധ്യതകളും പ്രയോജനപ്പെടുത്തും. പുത്തന്‍തോട് മുതല്‍ ചെറിയ കടവ് സിഎംഎസ് പാലം വരെയുള്ള 3.36 കിലോമീറ്റര്‍ കടല്‍ ഭിത്തിയുടെ ടെട്രാപോഡ് ഉപയോഗിച്ചുള്ള പുനരുദ്ധാരണവും പുത്തന്‍തോട് ഭാഗത്ത് 1.20 കിലോമീറ്റര്‍ ദൂരം ഒന്പതുപുലിമുട്ടുകള് അടങ്ങിയ ശൃംഖലയുടെ നിര്‍മാണവും 9.50 കിലോമീറ്റര്‍ ദൂരം നടപ്പാതയുടെ നിര്‍മാണവും ഉള്‍പ്പെടെ 320 കോടി രൂപയുടേതാണ് രണ്ടാംഘട്ടം. ഒന്നാംഘട്ടത്തിന്റെ ഭാഗമായി 7.30 കിലോമീറ്റര്‍ കടല്‍ഭിത്തിക്ക് സമാന്തരമായി താത്കാലിക റോഡ് നിര്‍മിച്ചാണ് കരിങ്കല്ലുകളും ടെട്രാപോഡളും കയറ്റിയ ട്രക്കുകളുടെ സഞ്ചാര പാത തയാറാക്കിയത്.
ഈ റോഡ് നിലനിര്‍ത്തിയാല്‍ ടൂറിസത്തിനും കടല്‍ ഭിത്തിയുടെ അറ്റകുറ്റപ്പണികള്‍ നടത്താനും സൗകര്യപ്രദമായിരിക്കും. ഇതിനായി സ്ഥലവാസികളുടെ സമ്മതത്തോടെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ചെല്ലാനം ഹാര്‍ബര്‍, ബസാര്‍ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച മന്ത്രി ജനപ്രതിനിധികളുമായും നാട്ടുകാരുമായും ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി.