സ്നേഹവീട് കൈമാറാൻ മന്ത്രിയെത്തി
1301282
Friday, June 9, 2023 12:55 AM IST
കൊച്ചി: വിവാഹത്തിന്റെ രജതജൂബിലിയുടെ സന്തോഷത്തിൽ ദന്പതികൾ സമ്മാനിച്ച സ്നേഹവീടിന്റെ താക്കോൽ കൈമാറാൻ മന്ത്രിയെത്തി. ചാവറ മാട്രിമണി എക്സിക്യുട്ടീവ് ഡയറക്ടറും ജീവകാരുണ്യപ്രവർത്തകനുമായ എറണാകുളം സ്വദേശി ജോൺസൺ സി. ഏബ്രഹാമും ഭാര്യ മേഘ ജോൺസണും തങ്ങളുടെ 25-ാം വിവാഹ വാർഷികത്തോടനുബന്ധിച്ചാണു നിർധന കുടുംബത്തിനു വീടു നിർമിച്ചു നൽകിയത്.
തോപ്പുംപടി ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ ഹൗസ് ചലഞ്ച് പദ്ധതി വഴി നൽകിയ വീടിന്റെ താക്കോൽദാനം മന്ത്രി റോഷി അഗസ്റ്റിനാണു നിർവഹിച്ചത്. നന്മയുള്ള ദന്പതികളുടെ സ്നേഹസമ്മാനമായ വീടിന്റെ താക്കോൽ കൈമാറാൻ അവസരം ലഭിച്ചത് അനുഗ്രഹമായി കാണുന്നുവെന്ന് മന്ത്രി പറഞ്ഞു. കോവിഡിന്റെ പ്രതിസന്ധികളിൽ പ്രതിസന്ധിയിലായ സ്കൂളിലെ പൂർവ വിദ്യാർഥിയുടെ കുടുംബത്തിനാണ് വീട് നിർമിച്ചു നൽകിയത്.
തോപ്പുംപടി ഔവർ ലേഡീസ് സ്കൂളിൽ ഇന്നലെ നടന്ന ചടങ്ങിൽ ഹൗസ് ചലഞ്ച് പദ്ധതിയുടെ കോ ഓർഡിനേറ്റർ കൂടിയായ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസി ചക്കാലയ്ക്കൽ അധ്യക്ഷത വഹിച്ചു.
ജോൺസൺ -മേഘ ദന്പതികൾ, ദീപിക റസിഡന്റ് മാനേജർ ഫാ. സൈമൺ പള്ളുപ്പേട്ട, സാമൂഹ്യപ്രവർത്തകൻ എം.എം. ഫ്രാൻസിസ്, കോർപറേഷൻ കൗൺസിലർ ഷീബ ഡ്യൂറോം, മാനേജ്മെന്റ് പ്രതിനിധി സിസ്റ്റർ ആനന്ദി സേവ്യർ, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ മോളി ദേവസി, പിടിഎ പ്രസിഡന്റ് ജോസഫ് സുമിത്ത്, ഹൗസ് ചലഞ്ച് കോ ഓർഡിനേറ്റർ ലില്ലി പോൾ എന്നിവർ പ്രസംഗിച്ചു.
ഹൗസ് ചലഞ്ച് പദ്ധതിയിൽ 175 -ാമത്തെ വീടിന്റെ താക്കോൽദാനമാണ് ഇന്നലെ നടന്നത്. തുടർന്നുള്ള പത്തു വീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്.