24 കിലോ കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ
1301280
Friday, June 9, 2023 12:55 AM IST
കാക്കനാട്: കാക്കനാട് പടമുഗൾ ചാത്തംവേലിപ്പാടം സൗഹൃദ നഗർ റോഡിൽ നിന്നും 24 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. കാസർകോട് സ്വദേശിയായ അലിമറുകുംമൂല വീട്ടിൽ അജ്മൽ (20) കർണാടക മംഗലാപുരം സ്വദേശിയായ തൗഫീഖ് മൻസിൽ ഇർഷാദ് (28 )എന്നിവരാണ് പിടിയിലായത് . ആസാമിലെ മൊത്തവില്പനക്കാരിൽ നിന്നും കഞ്ചാവെത്തിച്ച് ആവശ്യക്കാർക്ക് ചില്ലറ വില്പന നടത്തിവരികയായിരുന്നു. കാക്കനാടും പരിസരപ്രദേശങ്ങളിലും ഓട്ടോറിക്ഷ ഡ്രൈവറായി കറങ്ങിനടന്നായിരുന്നു വില്പന.
കർണാടക സ്വദേശി ഇർഷാദ് 15 വർഷമായി കൊച്ചിയിലുണ്ട്. അജ്മൽ കൊച്ചിയിലെത്തിയിട്ട് മൂന്നുവർഷമായി. ഇവർ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ നിന്നും 12 പാക്കറ്റുകളിൽ സൂക്ഷിച്ച കഞ്ചാവും ഭാരം തൂക്കാനുപയോഗിക്കുന്ന യന്ത്രവും ചില്ലറ വില്പനയ്ക്ക് വേണ്ടിയുള്ള പാക്കറ്റുകളും കണ്ടെടുത്തു. പരിശോധനയിൽ ഒന്നരലക്ഷം രൂപയും ഇവരുടെ പക്കൽ നിന്നും പോലീസ് കണ്ടെടുത്തു. കഞ്ചാവിന് മാർക്കറ്റിൽ 25 ലക്ഷം രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു.
ഡിസിപി എസ്. ശശിധരൻ, തൃക്കാക്കര അസി.കമ്മീഷണർ പി.വി. ബേബി, തൃക്കാക്കര സിഐ ആർ. ഷാബു, എസ്ഐ ഗിരീഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.