കെ.വിദ്യ സർവകലാശാലാ ഹോസ്റ്റലിൽ ഒളിവിൽ കഴിയുന്നുവെന്ന്; പ്രതിഷേധവുമായി കെഎസ്യു
1301279
Friday, June 9, 2023 12:55 AM IST
കാലടി: വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ച് അധ്യാപനത്തിന് ശ്രമിച്ച എസ്എഫ്ഐ നേതാവ് കെ.വിദ്യ കാലടി സംസ്കൃത സർവകലാശാലയിലെ ഹോസ്റ്റലിൽ ഒളിവിൽ കഴിയുകയാണെന്ന് ആരോപിച്ച് കെഎസ്യു പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു.
2019ലെ പിഎച്ച്ഡി പ്രവേശനം എസ്സി സംവരണം അട്ടിമറിച്ചാണെന്നും ആരോപണങ്ങൾ ഉയർന്നുവന്നപ്പോൾ മുഖം രക്ഷിക്കാനായി വിദ്യയുടെ ഗൈഡ് സ്ഥാനം രാജി വച്ച ഡോ. ബിച്ചു എക്സ് മലയിലിനെ പോലുള്ള ഇടതുപക്ഷ അധ്യാപക സംഘടന നേതാക്കളുടെ പങ്കിനെ സംബന്ധിച്ചും എസ്സി സംവരണം അട്ടിമറിച്ച് പിഎച്ച്ഡി നിയമനം നൽകാൻ നേതൃത്വം നൽകിയ അന്നത്തെ വൈസ് ചാൻസലർ ഡോ. ധർമ്മരാജ് അടാട്ടിന്റെയും എല്ലാം പങ്കിനെ സംബന്ധിച്ചും കൃത്യമായ അന്വേഷണം നടത്തണമെന്നും പ്രതിഷേധപരിപാടി ഉദ്ഘാടനം ചെയ്ത യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും മുൻ സിൻഡിക്കേറ്റംഗവുമായ ലിന്റോ പി ആന്റു ആവശ്യപ്പെട്ടു.
നിയോജക മണ്ഡലം പ്രസിഡന്റ് അലക്സ് ആന്റു അധ്യക്ഷത വഹിച്ചു. കെ. വിദ്യയെ അറസ്റ്റ് ചെയ്ത് നിയമ നടപടികൾ സ്വീകരിക്കുന്നത് വരെ സമരം തുടരുമെന്ന് നേതാക്കൾ അറിയിച്ചു.