കൈക്കൂലി കേസിൽ ഓവർസിയർ അറസ്റ്റിൽ
1301278
Friday, June 9, 2023 12:55 AM IST
കൂത്താട്ടുകുളം: കൈക്കൂലി കേസിൽ കെഎസ്ഇബി ഓവർസിയർ അറസ്റ്റിൽ. കൂത്താട്ടുകുളത്തെ കെഎസ്ഇബി ഓവർസിയറായ ചെറുവട്ടൂർ വേലമ്മക്കുടിയിൽ അബ്ദുൾ ജബ്ബാറി(54) നെയാണ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ എറണാകുളം സെൻട്രൽ റേഞ്ച് സിഡിഡിവൈഎസ്പി ടോമി സെബാസ്റ്റ്യനും സംഘവും അറസ്റ്റു ചെയ്തത്.
വീട് നിർമാണത്തിനായി താൽക്കാലിക കണക്ഷൻ നൽകുന്നതിന് പാലക്കുഴ മാറിക സ്വദേശി മണ്ണാറപ്പറമ്പിൽനടുവിൽ ബിനു ജോസഫിൽനിന്നും 3000 രൂപ വാങ്ങവെയാണ് അറസ്റ്റിലാ യത്. താൽക്കാലിക കണക്ഷനായി മേയ് 25ന് അപേക്ഷ നൽകിയിരുന്നു. കണക്ഷൻ നൽകുന്നതിന് ജൂൺ മൂന്നിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്. പരാതിക്കാരൻ തുക നൽകുന്നതിനായി കൂത്താട്ടുകുളത്തെ ഒരു ഹോട്ടലിലേക്ക് രാത്രി ഓവർസിയറെ വിളിച്ചുവരുത്തി.
ഫിനോഫ്ത്തിലിൽ പൗഡറിൽ മുക്കിയ നോട്ടുകൾ കൈമാറുമ്പോഴാണ് നാടകീയമായി വിജിലൻസ് എത്തി അറസ്റ്റ് ചെയ്തത്. 50000 രൂപയാണ് കണക്ഷൻ നൽകാൻ പ്രതി ആവശ്യപ്പെട്ടത്. 500 രൂപയുടെ ആറു നോട്ടുകളാണ് കൈമാറിയത്. എൽഎസ്ജിഡി ഓഫീസിലെ ഇന്റേണൽ വിജിലൻസ് ഓഫീസർമാരായ എൻ. അനിൽ കുമാർ, കെ.വി. മനോജ് കുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു. ഡിവൈഎസ്പി ടോമി സെബാസ്റ്റ്യൻ, യൂണിറ്റ് ഡിവൈഎസ്പി എൻ. ബാബുക്കുട്ടൻ, എസ്ഐമാരായ പ്രതാപ ചന്ദ്രൻ, സുകുമാരൻ, ജയദേവൻ, ഷൈമോൻ, ബിനി, ജിജിൻ ജോസഫ്, മധു, അനിൽകുമാർ, മനോജ് എന്നിവർ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.