കോർപറേഷന്റെ ലോറിയിൽനിന്ന് മാലിന്യം നടുറോഡിൽ വീണു
1301277
Friday, June 9, 2023 12:55 AM IST
കാക്കനാട്: കൊച്ചി കോർപറേഷൻ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലേക്ക് ലോറിയിൽ കൊണ്ടുപോയ മാലിന്യം റോഡിൽ വീണു. ഇന്നലെ രാവിലെ ഏഴുമണിയോടെയാണ് ബ്രഹ്മപുരത്തേയ്ക്ക് ജൈവ മാലിന്യവുമായി പോയ ലോറിയിൽ നിന്നും ഒരു ചാക്ക് മാലിന്യം കാക്കനാട് ഇൻഫോപാർക്ക് റോഡിൽ കുസുമഗിരി ആശുപത്രിക്ക് സമീപം വീണത്. ലോറിയിൽ നിന്നും മാലിന്യചാക്കിനൊപ്പം മലിന ജലം കൂടി റോഡിലേക്ക് വീണതോടെ വാഹന ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെട്ടതും അസഹനീമായ ദുർഗന്ധം പ്രദേശത്ത് വ്യാപിച്ചതും വൻപ്രതിഷേധത്തിന് വഴിവച്ചു.
തൃക്കാക്കര നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ റോഡു കഴുകി വൃത്തിയാക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലേക്ക് കൊച്ചി കോർപറേഷൻ നിന്നും മാലിന്യം കൊണ്ടുപോകുന്ന ലോറികളിൽ നിന്നും മലിനജനം പുറത്തേക്ക് ഒഴുകുന്നതും മാലിന്യ വണ്ടിയുടെ പിറകിൽ യാത്ര ചെയ്യുന്ന ഇരുചക്ര വാഹനക്കാരുടെ ദേഹത്തേക്ക് മലിനജലം തെറിക്കുന്നതും പതിവു കാഴ്ചയാണ്.