വ്യാജ കാമ്പസ് റിക്രൂട്ട്മെന്റ്: പ്രതി അറസ്റ്റില്‍
1301276
Friday, June 9, 2023 12:55 AM IST
കൊച്ചി: കേരളത്തിലുടനീളം ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്തും വിവിധ കോളജുകളില്‍ വ്യാജ കാമ്പസ് റിക്രൂട്ട്മെന്റും നടത്തി ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉണ്ടാക്കുന്നതിനും യുണീക്ക് ഐഡി ക്രിയേറ്റ് ചെയ്യുന്നതിനെന്നും പറഞ്ഞ് പണം വാങ്ങിയശേഷം ഒളിവില്‍ പോയയാളെ സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശി പി. ഷങ്കര്‍ (38)ആണ് പിടിയിലായത്.
തൃപ്പൂണിത്തുറ സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് കൊച്ചി സൈബര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഓണ്‍ലൈന്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് വാട്ട്സാപ്പ് മുഖാന്തിരം ബന്ധപ്പെട്ട പ്രതി, പരാതിക്കാരനെ എടിപി അസോസിയേറ്റ്സ് എന്ന കമ്പനിയിലേക്ക് ജോലിക്കെടുത്തുവെന്നും മാസം 18000 രൂപ ശമ്പളം നല്‍കുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് ഒരുമാസം ജോലി ചെയ്യിപ്പിച്ചു. ഇതിന് ശേഷം പരാതിക്കാരന് ശമ്പളം നല്‍കാതിരിക്കുകയും ഡിജിറ്റല്‍ സിഗ്നേച്ചര്‍ നിര്മിക്കുന്നതിനെന്ന് പറഞ്ഞ് 750 രൂപയും വാങ്ങിയ ശേഷം ഫോണുകള്‍ ഓഫ് ചെയ്ത് മുങ്ങി.
സൈബര്‍ സ്റ്റേഷനില്‍ തന്നെ സമാനമായ മൂന്ന് പരാതികള്‍ ലഭിക്കുകയും സമാനമായ സംഭവങ്ങളെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിയപ്പോഴാണ് പ്രതി നടത്തിവരുന്ന വലിയ തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്.സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദേശാനുസരണം കൊച്ചി സൈബര്‍ പോലീസ് ഈ മാസം മൂന്നിന് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ എസ്.ശശിധരന്റെ നേതൃത്വത്തില്‍ നടത്തിയ ഊര്‍ജിത അന്വേഷണത്തിനൊടുവില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയുടെ പക്കല്‍ നിന്ന് ഇയാളുടെയും ഭാര്യയുടെയും പേരില്‍ എടുത്ത വിവിധ ബാങ്കുകളുടെ നിരവധി അക്കൗണ്ടുകളും ജോലിക്കായി അപേക്ഷിച്ച വിദ്യാര്‍ഥികളുടെ രേഖകളും നിരവധി ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡുകളും കൃത്യം ചെയ്യുന്നതിനുപയോഗിച്ച മൊബൈല്‍ ഫോണുകളും ലാപ്പ് ടോപ്പുകളും പിടിച്ചെടുത്തു.
സമാനമായ കുറ്റകൃത്യത്തിന് പ്രതിക്കെതിരെ 2018ല്‍ എറണാകുളം സെന്‍ട്രല്‍, കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിചാരണ നടന്നുവരികയാണ്. തട്ടിപ്പുകള്‍ നടത്തിയശേഷം തമിഴ്നാട്ടിലും കേരളത്തിലെ വിവിധ സ്ഥലങ്ങളിലുമായി വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു പ്രതി. സൈബര്‍ സ്റ്റേഷന് ഇന്‍സ്പെക്ടര്‍ കെ.ജെ.തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.