വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്ത് ജര്‍മന്‍ അംബാസഡര്‍
1301274
Friday, June 9, 2023 12:52 AM IST
കൊച്ചി: ജര്‍മന്‍ അംബാസഡറായ ഡോ. ഫിലിപ് അക്കര്മാന് കൊച്ചി വാട്ടര്‍ മെട്രോ സന്ദര്‍ശിക്കുകയും തുടർന്ന് അതിൽ യാത്രയും ചെയ്തു. ഹൈക്കോടതി മുതല്‍ വൈപ്പിന്‍ വരെയായിരുന്നു യാത്ര. കെഎഫ്ഡബ്ല്യുവിന്റെ ഇന്ത്യയിലെ തലവന്‍ വോള്ഫ്മത്ത് ഒപ്പമുണ്ടായിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയായ കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് ജര്‍മനിയിലെ വികസന ബാങ്കായ കെഎഫ്ഡബ്ല്യുവും ധനസഹായം നല്‍കുന്നുണ്ട്. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എംഡി ലോക്നാഥ് ബെഹ്റ, കൊച്ചി മെട്രോ, ജലമെട്രോ പദ്ധതികളുടെ ഡയറക്ടര്‍മാര്‍ എന്നിവരും യാത്രയില്‍ ഒപ്പമുണ്ടായിരുന്നു.
സാങ്കേതികവിദ്യ, തദ്ദേശീയത, സംയോജിത ഗതാഗത സംവിധാനം തുടങ്ങിയ കാര്യങ്ങളില്‍ കെഎംആര്‍എലും കെഡബ്ല്യുഎംഎലും നടത്തുന്ന ശ്രമങ്ങളെ ജര്‍മന്‍ അംബാസഡര്‍ അഭിനന്ദിച്ചു. പദ്ധതിയുടെ ഭാഗമായതില്‍ തങ്ങള്‍ അഭിമാനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പദ്ധതിയുമായി സഹകരിച്ചതിന് ജര്‍മന്‍ സര്‍ക്കാരിനും കെഎഫ്ഡബ്ല്യുവിനും ലോക്നാഥ് ബെഹ്റ നന്ദി അറിയിച്ചു.