തണൽമരം ഒടിഞ്ഞുവീണ് വാഹന യാത്രികർക്ക് പരിക്ക്
1301273
Friday, June 9, 2023 12:52 AM IST
കാക്കനാട്: കാറ്റും മഴയും മൂലം തണൽ മരം ഒടിഞ്ഞുവീണ് ഇരുചക്രവാഹന യാത്രക്കാർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് നാലരയോടെ ഒബ്രോൺ മാളിനു സമീപം റോഡിലാണ് അപകടം. അപകടത്തിൽ അരുൺരാജ്, വിപിൻ എന്നിവർക്ക് പരിക്കേറ്റു.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയുണ്ടായ കാറ്റിലും മഴയിലും കാക്കനാട് ഇൻഫോപാർക്ക് റോഡിൽ സുരഭി നഗറിലാണ് കൂറ്റൻ വാകമരം വൈദ്യുത പോസ്റ്റിലേക്കും, റോഡിലേക്കും മറഞ്ഞുവീണത്. മരം റോഡിനു കുറുകെ വീണതോടെ ഈ വഴിക്കുള്ള വാഹന ഗതാഗതം ഒന്നര മണിക്കൂറോളം പൂര്‍ണമായി സ്തംഭിച്ചു.
തൃക്കാക്കരയിൽനിന്ന് അഗ്നിരക്ഷാ സേനയെത്തി മൂന്നു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് മരം മുറിച്ചുനീക്കി ഗതാഗതം പുനസ്ഥാപിച്ചത്.
കളക്ടറേറ്റിനു വടക്ക് ഗേറ്റിനു സമീപം ഉണങ്ങിനിന്ന തണൽമരം മറിഞ്ഞുവീണു. കളക്ടറേറ്റ് പരിസരത്ത് നിർത്തിയിട്ടിരുന്ന രണ്ട് ഇരുചക്ര വാഹനങ്ങൾ തകർന്നു. കാക്കനാട് തോപ്പിൽ അരുൺ ദേവിന്റെ വീട്ടിൽ എക്സ്ഹോസ്റ്റ് ഫാനിന് തീപിടിച്ചു.