‘പന്തപ്രയിൽ കുടിയേറിയ ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കണം’
1301271
Friday, June 9, 2023 12:52 AM IST
കോതമംഗലം: പന്തപ്രയിൽ കുടിയേറിയ ആദിവാസി കുടുംബങ്ങളെയും സ്ഥലവും വീടും നൽകി പുനരധിവസിപ്പിക്കണമെന്ന് ഡീൻ കുര്യാക്കോസ് എംപി. കുട്ടന്പുഴ പഞ്ചായത്തിന്റെ വിദൂര ആദിവാസിക്കുടികളായ മാപ്പിളപ്പാറ, മീൻകുളം, ഉറിയംപെട്ടി, വാരിയം എന്നിവിടങ്ങളിൽ വന്യമൃഗങ്ങളുടെ ശല്യം മൂലം വീടുകളും കൃഷി സ്ഥലങ്ങളും ഉപേക്ഷിച്ച് പന്തപ്രയിലെ ആദിവാസി സെറ്റിൽമെന്റ് കോളനിയിൽ കുടിൽ കെട്ടി താമസിക്കുവാൻ വന്നവരെ സന്ദർശിക്കുകയായിരുന്നു എംപി.
വളരെ നാളുകളായുള്ള വന്യമൃഗങ്ങളുടെ ശല്യംമൂലം ഉൾവനങ്ങളിലെ കുടികളിൽ ജീവിക്കാൻ സാധിക്കാത്തതുകൊണ്ടാണ് ഉരുളൻതണ്ണിക്ക് സമീപമുള്ള പന്തപ്ര ആദിവാസി സെറ്റിൽമെന്റ് കോളനിയിലേക്ക് കുടുംബങ്ങൾ കുടിയേറുന്നത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 218 കുടുംബങ്ങൾക്കുള്ള സ്ഥലം അളന്ന് തിരിച്ചിട്ടുള്ളതാണ്. 68 കുടുംബങ്ങളെയാണ് അന്ന് പന്തപ്രയിൽ പുനരധിവസിപ്പിച്ചത്.
ബാക്കിയുള്ള സ്ഥലം അളന്നുതിരിച്ച് നൽകണമെന്നാണ് പുതുതായി ഇവിടെ കുടിയേറിയിട്ടുള്ള ആദിവാസികൾ വനം വകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ആദിവാസികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് എല്ലാ സഹായവും ചെയ്യാമെന്ന് എംപി ആദിവാസി കുടുംബങ്ങൾക്ക് ഉറപ്പ് നൽകി. യാതൊരു സുരക്ഷയും ഇല്ലാത്ത പ്ലാസ്റ്റിക് ഷെഡുകളിലാണ് ആദിവാസികൾ ഇപ്പോൾ താമസിക്കുന്നത്. ആദിവാസികളുടെ ആവശ്യങ്ങൾ എത്രയും പെട്ടെന്ന് നിറവേറ്റിക്കൊടുക്കണമെന്ന് എംപി സർക്കാരിനോട് ആവശ്യപ്പെട്ടു.