തർക്കങ്ങൾ പരിഹരിച്ചു; നിർമാണം തുടങ്ങി
1301270
Friday, June 9, 2023 12:52 AM IST
മൂവാറ്റുപുഴ: നിർത്തിവച്ച മൂവാറ്റുപുഴ നഗര വികസന നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. തർക്ക സ്ഥലങ്ങളിൽ സർവേയർമാർ പരിശോധനകൾ നടത്തി പരിഹരിച്ചു. ടിബി ജംഗ്ഷൻ മുതലാണ് ഇന്നലെ നിർമാണം പുനരാരംഭിച്ചത്. സർക്കാർ ഏറ്റെടുത്ത മുഴുവൻ സ്ഥലങ്ങളും നിർമാണ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും. സർവേ കല്ലുകൾ കാണാതായ സ്ഥലങ്ങളിൽ പരിശോധന നടത്തി പുതിയതായി അടയാളപ്പെടുത്തി.
കെആർഎഫ്ബി ഉദ്യോഗസ്ഥരുടേയും പുതിയതായി നിയമിച്ച മൂന്ന് സർവേയർമാരുടേയും സംയുക്ത പരിശോധന തുടരുകയാണ്. റോഡിന് ഇരുവശത്തെ പുറന്പോക്ക് ഭൂമികളും അളന്ന് നിർമാണ പ്രവൃത്തികളുടെ ഭാഗമാക്കി മാറ്റുന്ന പ്രവൃത്തിയും തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡുകളാണ് നഗര വികസനത്തിന്റെ ഭാഗമായി നിർമിക്കുന്നത്.
പോസ്റ്റ് ഓഫീസ് ജംഗ്ഷൻ മുതൽ വെള്ളൂർക്കുന്നം വരെ നാലുവരി പാതയാക്കി മെട്രോ മോഡലിൽ ഒരു വർഷംകൊണ്ട് നിർമാണം പൂർത്തിയാക്കാനാണ് പദ്ധതി.