അപകട ഭീഷണിയിലായ കെട്ടിടം പൊളിച്ചു നീക്കണം
1301266
Friday, June 9, 2023 12:52 AM IST
കോതമംഗലം: ചെന്പൻകുഴി സർക്കാർ സ്കൂളിൽ ജീർണിച്ച് അപകട ഭീഷണിയിലായ കെട്ടിടം പൊളിച്ചു നീക്കണമെന്ന ആവശ്യം ശക്തം. ഉപയോഗശൂന്യമായ കെട്ടിടം പൊളിച്ചുനീക്കാൻ പലവട്ടം വിദ്യാഭ്യാസ വകുപ്പ് അധികൃതർക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടും യാതൊരു നടപടിയുമായിട്ടില്ലെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.
കവളങ്ങാട് പഞ്ചായത്ത് ഒന്പതാം വാർഡിലെ ചെന്പൻകുഴി സർക്കാർ യുപി സ്കൂളിലാണ് ഇടിഞ്ഞ് വീഴാറായ കെട്ടിടം നിലനിൽക്കുന്നത്. 60 വർഷം പഴക്കമുള്ള കെട്ടിടം ജീർണതയിലായിട്ട് നാളുകളേറെയായി. മുന്പ് മൂന്ന് ക്ലാസ് മുറിയും സ്റ്റേജും ഓഫീസും എല്ലാമായി പ്രവർത്തിച്ചിരുന്ന കെട്ടിടമാണ്. ഏത് നിമിഷവും പൊളിഞ്ഞുവീഴാറായ അവസ്ഥയാണിപ്പോൾ.
ഒന്ന് മുതൽ ഏഴ് വരെ ക്ലാസിലെ കുട്ടികൾ പഠിക്കുന്ന രണ്ട് കെട്ടിടത്തിനോട് ചേർന്നാണ് ഇത് സ്ഥിതി ചെയ്യുന്നത്. കുട്ടികൾ കളിക്കുന്നതും മറ്റും ഇതിന് സമീപത്താണ്. ഓടുകൾ പൊട്ടിയും മേൽക്കൂര തകർന്നും വിള്ളലുകൾ വീണ ഭിത്തിയിൽ മഴവെള്ളം ചോർന്ന് കുതിർന്ന് നിൽക്കുകയാണ്. കനത്ത മഴയും കാറ്റുമുള്ള സമയത്ത് ഭയാശങ്കയോടെയാണ് കഴിയുന്നത്. അപകട സാധ്യത മുന്നിൽകണ്ട് ആറ് വർഷമായി പിടിഎയുടെ നേതൃത്വത്തിൽ കെട്ടിടം പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ പരാതി നൽകിയിരുന്നു.
വിദ്യാഭ്യാസ വകുപ്പിനും എംഎൽഎയ്ക്കും സ്കൂളിന്റെ അധികാര പരിധിയിൽപ്പെട്ട കവളങ്ങാട് പഞ്ചായത്ത് അധികൃതർക്കും നിവേദനങ്ങളും പരാതികളും നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് പിടിഎ ഭാരവാഹികൾ പറഞ്ഞു. കാലവർഷം ശക്തിപ്പെടുന്നതോടെ കെട്ടിടം ഇടിഞ്ഞുവീഴാനുള്ള സാധ്യത വളരെ കൂടുതലാണ്. എത്രയും പെട്ടെന്ന് ഈ ദുരവസ്ഥ പരിഹരിക്കണമെന്ന് ഇതു സംബന്ധിച്ച് ചേർന്ന പിടിഎ ഭാരവാഹികളുടെ യോഗം അധികാരികളോട് ആവശ്യപ്പെട്ടു. പിടിഎ പ്രസിഡന്റ് സി.സി. മാർട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എംപിടിഎ ചെയർപേഴ്സണ് അശ്വതി കമലാസനൻ, പിടിഎ വൈസ് പ്രസിഡന്റ് പി.പി. പ്രസാദ് എന്നിവർ പ്രസംഗിച്ചു.