പുസ്തക കൈനീട്ടം പദ്ധതിക്ക് തുടക്കം
1301022
Thursday, June 8, 2023 1:02 AM IST
കൊച്ചി: തൃക്കാക്കരയിലെ മുഴുവന്‍ ഗ്രന്ഥശാലകള്‍ക്കും വിഷുവിനോടനുബന്ധിച്ച് 'പുസ്തക കൈനീട്ടം എന്ന പേരില്‍ മൂന്നു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ വിതരണം ചെയ്യുന്ന പദ്ധതിക്കു തുടക്കമായി. കാക്കനാട് ഗവണ്മെന്റ് പ്രസ് റിക്രിയേഷന്‍ ക്ലബ് വായനശാലയില്‍ പദ്ധതിയുടെ നിയോജകമണ്ഡലതല ഉദ്ഘാടനം ഉമ തോമസ് എംഎല്‍എ നിര്‍വഹിച്ചു.
തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന്, കണയന്നൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡി.ആര്. രാജേഷ്, സ്ഥിരം സമിതി അധ്യക്ഷരായ നൗഷാദ് പല്ലച്ചി, ഉണ്ണി കാക്കനാട്, സി.സി. ബിജു തുടങ്ങിയവർ പ്രസംഗിച്ചു.
ഉമ തോമസ് എംഎല്‍എയുടെ 2022-23 സാമ്പത്തിക വര്‍ഷത്തെ പ്രത്യേക വികസന നിധിയില്‍ നിന്നുള്ള മൂന്നു ലക്ഷം രൂപ ചെലവഴിച്ചാണ് പുസ്തകങ്ങൾ വാങ്ങിയത്.
ഗവ. പ്രസ് എംപ്ലോയീസ് ലൈബ്രറി, കൈരളി വായനശാല വാഴക്കാല, ഗ്രാമീണ വായനശാല പൊന്നുരുന്നി, പൂണിത്തുറ ലൈബ്രറി, വിനോദ ലൈബ്രറി തമ്മനം, ജനകീയ വായനശാല പാടിവട്ടം, വിജ്ഞാനോദയം വായനശാല പാലാതുരുത്ത്, സോയൂസ് ലൈബ്രറി കടവന്ത്ര, ചങ്ങമ്പുഴ സാംസ്കാരിക ഗ്രന്ഥശാല ഇടപ്പള്ളി, ദേശീയ വായനശാല പോണേക്കര, പ്രതിഭ വായനശാല അഞ്ചുമന, സഹൃദയ ഗ്രന്ഥശാല കലൂര്‍, ജനകീയ വായനശാല തുതീയൂര്‍, ഗ്രാമീണ വായനശാല തെങ്ങോട് തുടങ്ങി തൃക്കാക്കര നിയോജകമണ്ഡലത്തില്‍ ലൈബ്രറി കൗണ്‍സില്‍ അംഗീകാരമുള്ള 14 വായനശാലകള്‍ക്കാണ് പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നത്.