വാടകക്കുടിശിക: ആലുവയിലെ ബിജെപി ഓഫീസ് ഒഴിഞ്ഞു
1301020
Thursday, June 8, 2023 1:02 AM IST
ആലുവ: വാടക കുടിശികയായതിനെ തുടർന്ന് ബിജെപിയുടെ ആലുവ നിയോജക മണ്ഡലം ആസ്ഥാനം നഷ്ടമായി. ആലുവ പങ്കജം റോഡിലെ കേരള ആയുർവേദ ഫാർമസി ആശുപത്രിക്ക് സമീപത്തെ കെട്ടിടമാണ് കൈവിട്ട് പോയത്.
കുറച്ചു നാളുകളായി കെട്ടിടത്തിന്റെ വൈദ്യുതി, കുടിവെള്ള ബില്ലുകളും കുടിശിക അടയ്ക്കാനുണ്ടായിരുന്നു. വാടക കുടിശിക വർധിച്ചതോടെ സ്ഥലം ഉടമ കെട്ടിടം ഒഴിയാൻ ആവശ്യപ്പെടുകയായിരുന്നു. ആറ് മാസം മുമ്പേ നൽകിയ നോട്ടീസിലെ സമയം പൂർത്തിയായതോടെ കഴിഞ്ഞ ദിവസം പ്രവർത്തകർ കെട്ടിടം ഒഴിഞ്ഞു കൊടുത്തു. രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. ജയശങ്കറിന്റെ കുടുംബ സ്വത്താണ് ഈ സ്ഥലം. കെട്ടിടത്തോട് ചേർന്ന് 10 സെന്റ് സ്ഥലവും ഉണ്ട്. ബിജെപി ഓഫീസായി പ്രവർത്തിച്ചിരുന്ന ഓടിട്ട കെട്ടിടം പഴക്കമുള്ളതാണ്. പാർലമെന്റ് തെരഞ്ഞെടുപ്പ് വരെ കാലാവധി നീട്ടി നൽകണമെന്ന് ബിജെപി ആവശ്യപ്പെട്ടെങ്കിലും അവകാശികൾ തയാറാകാതിരുന്നതാണ് അപ്രതീക്ഷിതമായി ആസ്ഥാനം നഷ്ടമാകാൻ കാരണമായത്.
ആലുവ നഗരസഭയിൽ ചരിത്രത്തിലാദ്യമായി നാല് കൗൺസിലർമാരെ വിജയിപ്പിച്ചെടുത്ത ബിജെപിക്ക് ആസ്ഥാനം നഷ്ടമായത് നാണക്കേടായിരിക്കുകയാണ്.