ഹരിതകർമ സേനാംഗത്തെ പട്ടിയെ അഴിച്ചുവിട്ട് കടിപ്പിക്കാൻ ശ്രമിച്ചതായി പരാതി
1301018
Thursday, June 8, 2023 1:01 AM IST
കാലടി: മഞ്ഞപ്ര പഞ്ചായത്ത് ഏഴാം വാർഡിൽ പ്ലാസ്റ്റിക് ശേഖരിക്കാനെത്തിയ ഹരിത കർമ സേനാംഗത്തെ പട്ടിയെ അഴിച്ചുവിട്ട് കടിപ്പിക്കാൻ ശ്രമിച്ചതായി പരാതി.ഹരിതസേന അംഗമായ ജിജി സാജുവിനാണ് ഇങ്ങനെ ഒരു ദുരനുഭവം ഉണ്ടായത്. വീട്ടുടമസ്ഥനെതിരെ കാലടി പോലീസിൽ പരാതി നൽകി.
ചൊവ്വാഴ്ച വൈകിട്ട് നാലോടെ പ്ലാസ്റ്റിക് ശേഖരിക്കുന്നതിനായി ജിജി സാജുവും മറ്റൊരു ഹരിത കർമ സേനാംഗവും വീട്ടിൽ ചെന്ന സമയത്ത് പട്ടിയെ അഴിച്ചുവിട്ട് കടിപ്പിക്കാൻ ശ്രമിച്ചതായാണ് പരാതി. നായയെ കണ്ട് ജിജി പുറത്തേക്ക് ഓടുകയും രക്ഷപ്പെടാൻ മുക്കത്ത് പാപ്പച്ചന്റെ വീട്ടിൽ ഓടി കയറുകയും തലകറങ്ങി വീഴുകയും ചെയ്തു. പിന്നീട് വീട്ടിലെത്തിയ ജിജിക്ക് രാത്രിയിൽ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു പ്രാഥമിക ചികിത്സകൾ നൽകി.
ഇതേ തുടർന്ന് പഞ്ചായത്തിലെ ഹരിത കർമ സേനാംഗങ്ങൾ വീട്ടുടമസ്ഥന്റെ വീട്ടിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് അൽഫോൻസാ ഷാജൻ, വൈസ് പ്രസിഡന്റ് ബിനോയ് ഇടശേരി, വാർഡ് മെമ്പർ വൽസലകുമാരി വേണു, നവകേരളം അങ്കമാലി ബ്ലോക്ക് റിസോഴ്സ് പേഴ്സൺ ശാലിനി ബിജു എന്നിവർ സംസാരിച്ചു.പ്രകടനത്തിന് ശേഷം പഞ്ചായത്ത് ഹാളിൽ ചേർന്ന പ്രതിഷേധ യോഗത്തിൽ കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ടി.എം. റെജീന, നവകേരളം ജില്ലാ കോ ഓർഡിനേറ്റർ എസ്. രഞ്ജിനി , സിഡിഎസ് ചെയർപേഴ്സൺ ബിന്ദു പോൾ എന്നിവർ സംസാരിച്ചു. കുറ്റക്കാർക്കെതിരേ കർശന നടപടി എടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.