നടപടിക്രമങ്ങളിൽ കുരുങ്ങി പദ്ധതി നീളുന്നു
1301017
Thursday, June 8, 2023 1:01 AM IST
ആലുവ: ജീർണാവസ്ഥയിലായ കോടതി കെട്ടിടം പൊളിച്ചുമാറ്റി ആലുവയിൽ നിർമിക്കുന്ന അഞ്ചു നില കോടതി സമുച്ചയ പദ്ധതി നടപടിക്രമങ്ങളിൽ കുരുങ്ങി നീളുന്നു. നിരന്തര ആവശ്യങ്ങളെ തുടർന്ന് കഴിഞ്ഞ വർഷമാണ് കെട്ടിട നിർമാണത്തിനായി 37.25 കോടി രൂപ സർക്കാർ അനുവദിച്ചത്. എന്നാൽ നിർമാണം പൂർത്തിയാകുന്നത് വരെ പ്രവർത്തിക്കേണ്ട കെട്ടിടത്തിലെ വാടകക്കരാറും എൻഒസികളുമാണ് തടസമായി നിൽക്കുന്നത്.
ഇഎസ്ഐ റോഡിൽ സ്ഥിതി ചെയ്യുന്ന ബിഎസ്എൻഎൽ കെട്ടിടമാണ് താത്ക്കാലിക കോടതിയായി കണ്ടെത്തിയിരിക്കുന്നത്. മൂന്ന് വർഷ വാടക കരാർ ആണ് പൊതുമരാമത്ത് വകുപ്പ് തയാറാക്കിയത്. എന്നാൽ വർഷാവർഷം വാടക പുതുക്കി നൽകുന്ന കരാർ പത്രം വേണമെന്നാണ് ബിഎസ്എൻഎൽ നിലപാട്. ഇതാണ് ടെൻഡർ നടപടികൾ വൈകിപ്പിക്കുന്നത്. ഇതു കൂടാതെ നിലവിലെ കോടതികൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന് സമീപത്തെ സബ് ജില്ലാ ജയിൽ, സബ് ട്രഷറി എന്നിവയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും ലഭ്യമായിട്ടില്ല. ഈ രണ്ട് കാര്യങ്ങളിലും തീരുമാനമാകാതെ പഴയ കെട്ടിടം പൊളിക്കാനാകില്ല.
നിലവിൽ ആലുവ കോടതിയിൽ ഒരു മുൻസിഫ് കോടതി, രണ്ട് ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതികൾ എന്നിവയാണ് പ്രവർത്തിക്കുന്നത്. ഇതു കൂടാതെ സീനത്ത് ജംഗ്ഷനിൽ താത്ക്കാലിക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പോക്സോ കോടതി, നഗരസഭയുടെ മുന്നിലെ കെട്ടിടത്തിൽ ആരംഭിച്ച കുടുംബകോടതി എന്നിവയും പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കാൻ സൗകര്യമൊരുക്കും. പഴയ കെട്ടിടവും ക്വാർട്ടേഴ്സും സ്ഥിതി ചെയ്യുന്ന 85.593 സെന്റ് സ്ഥലത്താണ് പുതിയ കെട്ടിടം ഉയരുക. മൊത്തം 79172 ചതുരശ്ര അടി ആയിരിക്കും പുതുതായി നിർമിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ വിസ്തീർണം. ഗ്രൗണ്ട് ഫ്ലോർ 3830.56 , പോർച്ച് ഏരിയ 2119.72 , ഒന്നാം നില 11728.1 , രണ്ടാം നില 14483, മൂന്നാം നില 14332.3 , നാലാം നില 14612, അഞ്ചാം നില 14171, സ്റ്റെയർകെയ്സ് 2076.7, മെഷിൻ റൂം 1818.4 ചതുരശ്ര അടി ഇങ്ങനെയാണ് പദ്ധതി രൂപരേഖ.