ആയക്കാട്-മുത്തംകുഴി-വേട്ടാമ്പാറ റോഡ് നിർമാണം ഉടൻ ആരംഭിക്കും: എംപി
1301003
Thursday, June 8, 2023 12:58 AM IST
കോതമംഗലം: ആയക്കാട്-മുത്തംകുഴി-വേട്ടാമ്പാറ റോഡ് ടെൻഡർ പൂർത്തീകരിച്ചതായും നിർമാണം ഉടൻ ആരംഭിക്കുമെന്നും ഡീൻ കുര്യാക്കോസ് എംപി അറിയിച്ചു. കേന്ദ്ര ഉപരിതല ഗതാഗത ഹൈവേ മന്ത്രാലയത്തിന്റെ സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽനിന്നും ഡീൻ കുര്യാക്കോസ് എംപിയുടെ ശിപാർശയിലാണ് 2022 ജൂലൈയിൽ പദ്ധതിക്കായി 16 കോടി അനുവദിച്ചത്.
മൂവാറ്റുപുഴ ആസ്ഥാനമായുള്ള സജീവ് മാത്യു ആൻഡ് കമ്പനിയാണ് ടെൻഡർ എടുത്തിരിക്കുന്നത്. ആധുനിക രീതിയിലാണ് റോഡിന്റെ പുനുരുദ്ധാരണ പ്രവർത്തനങ്ങൾ. ആയക്കാട് കവലയിൽനിന്ന് ആരംഭിച്ച് മുത്തംകുഴി-കുളങ്ങാട്ടുകുഴി വഴി വേട്ടാമ്പാറ വരെയുള്ള 11 കിലോമിറ്റർ ദൂരമാണ് നവീകരിക്കുന്നത്.
തണ്ണിക്കോട്ട് പാലം, വേട്ടാമ്പാറ പടിപ്പാറ പാലം എന്നീ രണ്ടു പാലങ്ങളും പുനർ നിർമിക്കും. വെള്ളപ്പൊക്കം രൂക്ഷമായ സ്ഥലങ്ങളിൽ 10 കലുങ്കുകളും ആവശ്യമായ സ്ഥലത്ത് കാനകളും നിർമിക്കുന്നത് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.5.5 മീറ്ററിൽ വീതി കൂട്ടിയാണ് റോഡ് നിർമാണം. യാത്രികരുടെ സുരക്ഷയ്ക്കായി സൈൻ ബോർഡുകൾ, സീബ്രാ ലൈൻ, റോഡ് മാർക്കിംഗ്, രാത്രി യാത്രികർക്ക് വേണ്ടി സ്റ്റഡുകൾ എന്നീ പ്രവർത്തികളും എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വേട്ടാമ്പാറയിൽനിന്നു മാലിപ്പാറയ്ക്കുള്ള 500 മീറ്റർ ദൂരവും കുളങ്ങാട്ടുകുഴിയിൽനിന്നു മാലിപ്പാറയ്ക്കുള്ള 250 മീറ്റർ ദൂരവും ഈ പദ്ധതിയുടെ ഭാഗമായി നവീകരിക്കും.