ലൈഫ് ഗുണഭോക്തൃ സംഗമം
1301002
Thursday, June 8, 2023 12:58 AM IST
കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് ഭൂരഹിത പുനരധിവാസ പദ്ധതിയുടെ ഭാഗമായി നടത്തിയ ലൈഫ് ഗുണഭോക്തൃ സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ ഉദ്ഘാടനം ചെയ്തു.കോതമംഗലം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് പരിധിയിലെ ലൈഫ് ലിസ്റ്റിൽ ഉൾപ്പെട്ട ഭൂരഹിതരായ പട്ടികജാതി വിഭാഗക്കാരുടെ ഗുണഭോക്തൃ സംഗമമാണ് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടത്തിയത്.
ലൈഫ് ലിസ്റ്റിൽ ഉൾപ്പെട്ട പട്ടികജാതി വിഭാഗക്കാർക്ക് പഞ്ചായത്ത് തലത്തിൽ അഞ്ച് സെന്റ് ഭൂമി വാങ്ങുന്നതിന് 3,75,000 രൂപ ധനസഹായം അനുവദിക്കുന്നതാണ് പദ്ധതി. 2023-2023 സാമ്പത്തിക വർഷത്തിൽ ഭൂരഹിതരായ 50 കുടുംബങ്ങൾക്ക് ഈ പദ്ധതി പ്രകാരം ധനസഹായം അനുവദിച്ചിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനിസ് ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. പട്ടികജാതി വികസന ഓഫീസർ എം.പി. എൽദോസ് പദ്ധതി വിശദീകരണം നടത്തി.
സ്ഥിരംസമിതി ചെയർമാൻമാരായ ജോമി തെക്കേക്കര, സാലി ഐപ്, അംഗങ്ങളായ നിസമോൾ ഇസ്മയിൽ, ടി.കെ.കുഞ്ഞുമോൻ, അനു വിജയനാഥ്, ലിസി ജോസഫ്, ആശ ജയിംസ് എന്നിവർ പ്രസംഗിച്ചു.