നിര്‍മാണം വേഗത്തിലാക്കാൻ മൂന്ന് സർവയർമാരെ നിയമിച്ചു
1301001
Thursday, June 8, 2023 12:58 AM IST
മൂവാറ്റുപുഴ: ടൗണ്‍ വികസന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ മൂന്ന് സർവയർമാരെ നിയമിച്ചു. മുന്‍പ് സ്ഥാപിച്ച സര്‍വേ കല്ലുകള്‍ കാണാതായതോടെ ചിലയിടങ്ങളില്‍ നിര്‍മാണത്തിനു തടസം നേരിട്ടിരുന്നു. ഇതിന് പരിഹാരമായി മൂന്നു സര്‍വയര്‍മാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാകളക്ടര്‍ക്ക് മാത്യു കുഴൽനാടൻ എംഎല്‍എ കത്ത് നല്‍കിയിരുന്നു. സ്ഥലം അളന്നു തിട്ടപ്പെടുത്തി ഇവിടങ്ങളില്‍ വേഗത്തില്‍ കല്ലുകള്‍ സ്ഥാപിക്കാനായാണ് സര്‍വേയര്‍മാരുടെ സേവനം ആവശ്യപ്പെട്ടിരിക്കുന്നത്.
എംഎല്‍എയുടെ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് കളക്ടർ എൻ.എസ്.കെ ഉമേഷ് മൂന്നുപേരെ മൂവാറ്റുപുഴക്ക് അനുവദിച്ചത്. ഇവരുടെ നേതൃത്വത്തിൽ ഇന്ന് മുതൽ സംയുക്ത പരിശോധന നടത്തി തർക്ക സ്ഥലങ്ങളിൽ സർവേ കല്ലുകൾ വീണ്ടും സ്ഥാപിക്കും. റോഡിന് ഇരുവശത്തെ പുറമ്പോക്ക് ഭൂമികളും അളന്ന് നിർമാണ പ്രവൃത്തികളുടെ ഭാഗമാക്കി മാറ്റും. തർക്കം മൂലം നിർമാണ പ്രവൃത്തികൾ നിർത്തിവച്ച ടി.ബി ജംഗ്ഷനിലെ കച്ചേരിത്താഴം ഭാഗത്ത് ഇന്ന് മുതൽ നിർമാണം തുടങ്ങും. ചില സ്ഥല ഉടമകൾ തർക്കമുന്നയിച്ച നിര്‍മാണ പ്രദേശങ്ങളിലെ സ്കെച്ചുകളുടെ പ്രാഥമിക പരിശോധന കെആര്‍എഫ്ബി ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും സാന്നിധ്യത്തിൽ പുതിയ സർവയർമാർ ഇന്നലെ നടത്തിയിരുന്നു.