പോയാലി മലയ്ക്ക് സമീപം വീണ്ടും മണ്ണിടിച്ചിൽ
1301000
Thursday, June 8, 2023 12:58 AM IST
മുവാറ്റുപുഴ: പായിപ്ര പഞ്ചായത്ത് മൂന്നാം വാർഡിലെ പോയാലി മലയ്ക്ക് സമീപം വീണ്ടും മണ്ണിടിഞ്ഞു. പോയാലി മലയുടെ ഒരു വശത്ത് സ്വകാര്യ വ്യക്തി കുന്നിടിച്ച് മണ്ണ് നീക്കം ചെയ്ത് കരിങ്കൽ കെട്ടിയ സ്ഥലത്താണ് ഇന്നലെ വൈകുന്നേരം നാലോടെ ഇടിഞ്ഞത്. ശക്തമായി പെയ്ത മഴയിൽ ഉയരത്തിൽ കെട്ടിയ കരിങ്കൽകെട്ടും മണ്ണും വൻ ശബ്ദത്തോടെ ഇടിഞ്ഞു വീഴുകയായിരുന്നു.
മൂന്ന് മാസങ്ങൾക്ക് മുമ്പ് ഇവിടെ മണ്ണിടിച്ചിൽ ഉണ്ടാകുകയും ഒഴുപാറ പായിപ്ര മില്ലുംപടി റോഡിൽ ഗതാഗതം തടസപ്പെടുകയും ചെയ്തത് വൻ വിവാദമായിരുന്നു. വീണ്ടും നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നേടി കെട്ടിപ്പൊക്കിയതാണ് ഇന്നലെ ഇടിഞ്ഞത്.
ഇതിനിടെ ഇടിഞ്ഞ ഭാഗം കാണാതിരിക്കാൻ നെറ്റ് ഉപയോഗിച്ച് മറക്കുകയും ചെയ്തു. കാലവർഷം ആരംഭിച്ചതോടെ മണ്ണ് എടുക്കലും നിർമാണ പ്രവർത്തനങ്ങൾ നിരോധിച്ചിരിക്കുന്ന സമയത്താണ് ഇവിടെ അനധികൃത നിർമാണം നടന്നത്.