വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
1300808
Wednesday, June 7, 2023 10:19 PM IST
വരാപ്പുഴ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഏലൂർ നോർത്ത് ഊറ്റംപറന്പിൽ സൂര്യലക്ഷ്മി(26) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 4.30ന് ദേശീയ പാതയിൽ കൊച്ചാലിലായിരുന്നു അപകടം.
ഭർത്തൃ സഹോദരൻ അഖിലിന്റെ ഭാര്യ അശ്വതിയുമൊത്ത് സ്കൂട്ടറിൽ പറവൂർ ഭാഗത്തേക്ക് പോകുന്പോൾ എതിർ ദിശയിൽ വന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ഇരുവരും തെറിച്ചു വീണു. അശ്വതിയാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. ഗുരുതര പരിക്കേറ്റ ഇവരെ ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇടുപ്പെല്ലിനും, കാലിനും പരിക്കേറ്റ സൂര്യലക്ഷ്മി ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. ശസ്ത്രക്രിയ്ക്കുശേഷം ചികിത്സയിലുള്ള അശ്വതിയുടെ നില തൃപ്തികരമാണ്.
സൂര്യലക്ഷ്മിയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കുശേഷം കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കാരം നടക്കും. ഇടപ്പള്ളി നീതൂസ് അക്കാദമിയിലെ ജീവനക്കാരിയാണ് സൂര്യലക്ഷ്മി. പിതാവ്: പ്രസന്നൻ. മാതാവ്: ഗീത. ഭർത്താവ്: രേഷ്. മകൾ: ദക്ഷലക്ഷ്മി.