മാലിന്യ സംസ്കരണത്തിന് 157 കോടിയുടെ പദ്ധതികള്‍
1300802
Wednesday, June 7, 2023 1:17 AM IST
കൊച്ചി: ജില്ലയിലെ 84 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സ്പില്‍ ഓവര്‍ ഉള്‍പ്പെടുത്തിയുള്ള വാര്‍ഷിക പദ്ധതി ഭേദഗതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്കി.
ജില്ലയില്‍ ശുചിത്വ, മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 1,078 പ്രോജക്ടുകളിലായി 157,83,42,431 രൂപയുടെ പദ്ധതിക്കാണ് അംഗീകാരം നല്‍കിയത്.
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എല്ലാ പഞ്ചായത്തുകളും ഏറ്റവും മികച്ച രീതിയില്‍ ഏറ്റെടുത്ത് നടപ്പാക്കണമെന്ന് സമിതി ചെയർമാനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് മാലിന്യ സംസ്കരണ നടപടിക്രമങ്ങള്‍. ജൈവ, അജൈവ മാലിന്യങ്ങള്‍ കൃത്യമായി സംസ്കരിക്കാന്‍ നടപടികള്‍ സ്വീകരിക്കണം.
വേസ്റ്റ് ബോക്സ് ഉപയോഗിക്കാന്‍ കുട്ടികളെ ശീലിപ്പിക്കണം. സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ കൂടാതെ ഏല്ലാ സ്വകാര്യ വിദ്യാലയങ്ങളിലും മാലിന്യ സംസ്കരണ പദ്ധതികള്‍ നടപ്പാക്കണം. ഇതിനായി പ്രാദേശിക തലത്തില്‍ യോഗം വിളിച്ചു ചേര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ദുരന്തനിവാരണ പദ്ധതിയുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച പ്രോജക്ടുകള്‍ ഏറ്റെടുത്ത് നടപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് പറഞ്ഞു.
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് പോലീസിന്റെ സഹകരണത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കളക്ടര്‍ പറഞ്ഞു.
സ്ഥലമില്ലാത്ത ആരോഗ്യ ഉപകേന്ദ്രങ്ങള്‍ക്ക് കെട്ടിടം നിര്‍മിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തനത് ഫണ്ട് ഉപയോഗിക്കുന്നതിന് യോഗത്തില്‍ നിര്‍ദേശം നല്കി.
13 ബ്ലോക്ക് പഞ്ചായത്തുകള്‍, 12 മുനിസിപ്പാലിറ്റികള്‍, 58 ഗ്രാമപഞ്ചായത്തുകള്‍, കൊച്ചി കോര്പറേഷന് എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സ്പില്‍ ഓവര്‍ ഉള്‍പ്പെടുത്തിയുള്ള വാര്‍ഷിക പദ്ധതിക്കാണ് അംഗീകാരം.