ബിയര്‍ കുപ്പി വലിച്ചെറിഞ്ഞത് ചോദ്യം ചെയ്ത ബൈക്ക് യാത്രികനെ കാറിടിപ്പിച്ചയാൾ അറസ്റ്റില്‍
1300801
Wednesday, June 7, 2023 1:17 AM IST
കൊച്ചി: മദ്യലഹരിയില്‍ ആഡംബരകാറിൽ നിന്ന് ബിയര്‍ കുപ്പി എറിയുകയും ഇതു ചോദ്യം ചെയ്ത ബൈക്ക് യാത്രികനെ കാറിടിപ്പിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിലായി. കാക്കനാട് സ്വദേശി ആഷിക് തോമസിനെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടത്.
കഴിഞ്ഞ ഞായറാഴ്ച രാത്രി പാലാരിവട്ടം പാലത്തിനു സമീപമായിരുന്നു സംഭവം. മദ്യപിച്ച് ലക്കുക്കെട്ട ആഷിക് കാറില്‍ നിന്ന് റോഡിലേക്ക് ബിയര്‍ കുപ്പി അലക്ഷ്യമായി വലിച്ചെറിഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം. തലനാരിഴയ്ക്കാണ് ബൈക്ക് യാത്രികന് ബിയര്‍ കുപ്പി ശരീരത്തില്‍ കൊള്ളാതെ രക്ഷപ്പെട്ടത്. ഇത് ചോദ്യം ചെയ്ത ബൈക്ക് യാത്രികനെ ആഷിക് ഭീഷണിപ്പെടുത്തുകയും ചീത്ത വിളിക്കുകയും ചെയ്തു. തുടര്‍ന്ന് ആഡംബര കാറിനടുത്തേക്ക് എത്തിയ ബൈക്ക് യാത്രികന് നേരെ ഇയാള്‍ കാറിലുണ്ടായിരുന്ന കൂറ്റന്‍ വളര്‍ത്തു നായയെ പുറത്തിറക്കി ഭയപ്പെടുത്തി. ഇതോടെ ബൈക്ക് യാത്രികന് ഭയന്ന് പിന്മാറുകയും കുറച്ച് മുന്നിലേക്ക് മാറ്റി ബൈക്ക് നിര്‍ത്തുകയും ചെയ്തു.
പിന്നാലെയെത്തിയ ആഷിക് ബൈക്ക് യാത്രികനെ കാറിടിച്ച് വീഴ്ത്തുകയായിരുന്നു. ബഹളത്തെതുടര്‍ന്ന് സ്ഥലത്തെത്തിയ നാട്ടുകാര്‍ ആഷിക്കിനെ തടഞ്ഞുവച്ച് പോലീസിന് കൈമാറി. വൈദ്യ പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തി.