ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കും
1300800
Wednesday, June 7, 2023 1:17 AM IST
കൊച്ചി: എറണാകുളം നിയോജക മണ്ഡലത്തിലെ വികസന പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാൻ തീരുമാനമായി. കളക്ടര്‍ എന്‍.എസ്.കെ. ഉമേഷിന്റെ അധ്യക്ഷതയില്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട അവലോകന യോഗത്തിലാണ് നടപടി. അറ്റ്ലാന്റിസ് റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് അവസാനത്തോടെയും വടുതല റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് സെപ്റ്റംബറോടെയും സ്ഥലം കൈമാറുന്നത് ഉള്‍പ്പെടെയുള്ള മുഴുവന്‍ നടപടികളും പൂര്‍ത്തിയാക്കാനാണ് കളക്ടറുടെ നിര്‍ദേശം.
ചേരാനല്ലൂര്‍-ഏലൂര്‍ ചൗക്ക പാലം നിര്‍മാണം, കുമ്പളം-തേവര പാലം നിര്‍മാണം, വടുതല-പേരണ്ടൂര്‍ പാലം നിര്‍മാണം, തമ്മനം-പുല്ലേപ്പടി റോഡ് വികസനം എന്നീ പദ്ധതികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും തുടര്‍നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ എസ്. ബിന്ദു, ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട തഹസില്‍ദാര്‍മാരായ ബിനു സെബാസ്റ്റ്യന്‍, ബോബി റോസ്, ബേസില്‍ എ. കുരുവിള, സോണി ബേബി, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.