മാഫിയാ സംഘത്തിലെ രണ്ടു പേർ അറസ്റ്റിൽ
1300797
Wednesday, June 7, 2023 1:17 AM IST
ആലുവ: നൂറുകോടി രൂപയുടെ വായ്പ വാഗ്ദാനം വിശ്വസിച്ചെത്തിയ മൂവാറ്റുപുഴ സ്വദേശിയെ തിരുനൽവേലിയിൽ തട്ടിക്കൊണ്ടുപോയി ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ ഉൾപ്പെട്ട മാഫിയാ സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ. തമിഴ്നാട് തിരുനൽവേലി സ്വദേശികളായ അഡ്വ. നടേശൻ (47), രാജേഷ് പാണ്ഡ്യൻ (26) എന്നിവരെയാണ് എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ രണ്ടു ദിവസത്തോളം വേഷം മാറി നടന്ന് അറസ്റ്റു ചെയ്തത്.
മൂവാറ്റുപുഴ സ്വദേശിക്ക് 50 കോടി രൂപയാണ് ആദ്യ ഗഡു വായ്പയായി ഈ സംഘം നൽകാമെന്ന് പറഞ്ഞത്. രജിസ്ട്രേഷൻ നടപടിക്രമങ്ങൾക്ക് മൂവാറ്റുപുഴ സ്വദേശിയും ചാർട്ടേഡ് അക്കൗണ്ടന്റും തിരുനൽവേലിയിൽ എത്തുകയായിരുന്നു. തട്ടിപ്പുസംഘം 50 ലക്ഷത്തിന്റെ ഡ്രാഫ്റ്റ് നൽകിയെങ്കിലും ചാർട്ടേഡ് അക്കൗണ്ടന്റ് ഈ ഡ്രാഫ്റ്റിൽ സംശയം പ്രകടിപ്പിച്ചപ്പോൾ സംഘം ഇവരെ തട്ടിക്കൊണ്ടുപോയി. പിന്നീട് വീട്ടുകാരിൽ നിന്ന് ഒരു കോടി അഞ്ചു ലക്ഷം രൂപ മോചനദ്രവ്യം വാങ്ങിയശേഷമാണ് മൂവാറ്റുപുഴയിലേക്ക് വിട്ടയച്ചത്.
പരാതി ലഭിച്ചതിനെ തുടർന്ന് ജില്ലാ പോലിസ് മേധാവി വിവേക് കുമാറിന്റെ മേൽനോട്ടത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു.
രണ്ടു തവണയായി ദിവസങ്ങളോളം നീണ്ടുനിന്ന ഓപ്പറേഷനിലാണ് ഇവരെ കണ്ടെത്തി പിടികൂടാനായത്. വ്യാപാരികളുടെ വേഷത്തിലും മറ്റും ബൈക്കിലും സൈക്കിളിലും കറങ്ങി നടന്നായിരുന്നു ഓപ്പറേഷൻ. പിടികൂടുന്ന സമയം സംഘത്തിന്റെ കൂടെ ആയുധധാരികളായ ബോഡി ഗാർഡുമുണ്ടായിരുന്നു.
കേരളത്തിൽ തന്നെ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പു നടത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരമെന്ന് റൂറൽ പോലീസ് പറഞ്ഞു. തമിഴ്നാടിന് പുറത്തുള്ളവർക്ക് വായ്പ നൽകാമെന്ന് പറഞ്ഞ് സമീപിക്കുകയും കോടികൾ തട്ടിയെടുക്കുകയും ചെയ്യുന്ന മാഫിയാ സംഘത്തിൽ ഉൾപ്പെട്ടവരാണിവർ.
മിനിമം 100 കോടി രൂപയാണ് സംഘം വായ്പയായി വാഗ്ദാനം ചെയ്യുന്നത്. രണ്ട് ശതമാനം രജിസ്ട്രേഷനും മറ്റുമാണെന്ന് പറഞ്ഞ് ആദ്യം വാങ്ങും. ആധാരം, പ്രോമിസറി നോട്ട്, ചെക്ക് എന്നിവയാണ് രജിസ്ട്രേഷൻ നടപടികൾക്കായി ആവശ്യപ്പെടുന്നത്. വിശ്വാസ്യത ഉറപ്പാക്കാൻ 100 കോടി രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് കാണിക്കുകയും ചെയ്യും.
തമിഴ്നാട്ടിലെ രജിസ്ട്രേഷൻ ഓഫീസിലും ഇവർക്ക് ആളുകളുണ്ട്. അവിടെ രജിസ്ട്രേഷൻ നടപടികളുടെ ഭാഗമാണെന്ന് പറഞ്ഞ് ചില പേപ്പറുകളിൽ ഒപ്പിടുവിക്കുകയും ഡ്രാഫ്റ്റ് കൈമാറി രണ്ടു കോടി രൂപ കൈപ്പറ്റി മുങ്ങുകയുമാണ് ചെയ്യുന്നത്. നടന്നത് തട്ടിപ്പാണെന്ന് തിരിച്ചറിയുമ്പോഴേക്കും സമയം വൈകിയിരിക്കും.
തട്ടിപ്പുസംഘത്തിന് കൊടുത്ത രണ്ടുശതമാനം തുക രേഖാമൂലമുള്ള പണമല്ലാത്തതിനാൽ പലരും പരാതിയുമായി രംഗത്തു വരാറില്ല.
തട്ടിപ്പ് സംഘത്തിന് പണം കൈമാറാനെത്തുന്നവരുടെ വിവരങ്ങൾ മനസിലാക്കി ഇടയ്ക്കു വച്ച് ഇവരുടെ ആളുകൾ പണം മോഷ്ടിച്ചു കൊണ്ടുപോകാറുമുണ്ട്. പണവുമായെത്തുന്നവർക്ക് ഇവരുടെ പ്രവൃത്തികളിൽ സംശയം പ്രകടിപ്പിച്ചാൽ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കും.
നിരവധി കേസുകളിലെ പ്രതിയാണ് ഇവർ. ഡിവൈഎസ്പി വി. രാജീവ്, ഇൻസ്പെക്ടർ ബേസിൽ തോമസ് എസ്ഐമാരായ ടി.എം. സൂഫി, സന്തോഷ് ബേബി, രാജേഷ്, എഎസ്ഐ ശ്യാംകുമാർ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ റോണി അഗസ്റ്റിൻ, ജോയി ചെറിയാൻ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.