എസ്എഫ്ഐ നടത്തുന്നത് ഗുരുതരമായ ക്രിമിനല്‍ കുറ്റം: കെഎസ്യു
1300795
Wednesday, June 7, 2023 1:17 AM IST
കൊച്ചി: ഭരണ സംവിധാനത്തിന്റെ മറവില്‍ എസ്എഫ്ഐ നടത്തുന്നത് ഗുരുതരമായ ക്രിമിനല്‍ കുറ്റമെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍.
മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി സര്‍ക്കാര്‍ കോളജുകളില്‍ ഗസ്റ്റ് അധ്യാപക ജോലി കരസ്ഥമാക്കുകയും നിരവധി കോളജുകളില്‍ ഈ സര്‍ട്ടിഫിക്കറ്റ് അഭിമുഖങ്ങള്‍ക്കായി ഹാജരാക്കുകയും ചെയ്ത വ്യക്തി എസ്എഫ്ഐയുടെ മഹാരാജാസിലെ സജീവ പ്രവര്‍ത്തകയും സംസ്ഥാന സെക്രട്ടറി പി.എം. അര്‍ഷോയുടെ അടുത്ത സുഹൃത്തുമാണ്.
എസ്എഫ്ഐയുടെ ഉന്നത നേതാക്കളുമായുള്ള ഇവരുടെ ബന്ധം അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കോളജ് അധികാരികളുടെ ഒത്താശയോടെയാണ് ഇത് നിര്‍മിച്ചിരിക്കുന്നത് എന്നും സംശയിക്കുന്നു. സംഭവത്തില്‍ മലയാള വിഭാഗത്തിലെ ചില അധ്യാപകരുടെ പങ്കും അന്വേഷിക്കണം. കോളജ് യൂണിയന് ഓഫീസിലും ഹോസ്റ്റലിലും കോളജിന്റെയോ അധ്യാപകരുടേയോ സീല്‍ സൂക്ഷിച്ചിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കണം.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ പങ്കും അന്വേഷിക്കണം. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് നേടിയ ജോലിക്ക് വാങ്ങിയ ശമ്പളം തിരിച്ച് പിടിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്നും അലോഷ്യസ് ആവശ്യപ്പെട്ടു.
മൂന്നാം സെമസ്റ്റര്‍ ആര്‍ക്കിയോളജിയുടെ റിസല്‍റ്റ് വന്നപ്പോള്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ റിസൽട്ടില്‍ മാത്രം മാര്‍ക്കോ ഗ്രേഡോ രേഖപ്പെടുത്താതെ വിജയിച്ചു എന്നു വന്നത് കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷിക്കണം.
റിസൽട്ട് അട്ടിമറിക്കാന്‍ ബന്ധപ്പെട്ടവരുടെ ഇടപെടല്‍ അന്വേഷണ വിധേയമാക്കണമെന്നും അലോഷ്യസ് കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ കോളജ് അധികാരികള്‍ക്ക് പങ്കുണ്ടെന്ന് ആരോപിച്ച് ഇന്ന് കെഎസ്യുവിന്റെ നേതൃത്വത്തില്‍ മഹാരാജാസ് കോളജിലേക്ക് മാര്‍ച്ച് നടത്തും.