തൃക്കാക്കര കൗൺസിലിൽ പ്രതിപക്ഷ ബഹളം
1300791
Wednesday, June 7, 2023 1:15 AM IST
കാക്കനാട്: സ്ത്രീത്വത്തെ അപമാനിച്ചതായി ആരോപിച്ച് കോൺഗ്രസ് നേതാവും തൃക്കാക്കര നഗരസഭാ മുൻ ചെയർമാനും കൗൺസിലറുമായ ഷാജി വാഴക്കാല മാപ്പ് പറയണമെന്നാവശ്യപ്പെട്ട് എൽഡിഎഫിലെ വനിതാ കൗൺസിലർമാരുടെ നേതൃത്വത്തിൽ കൗൺസിൽ യോഗത്തിൽ ബഹളം വച്ചു. ഇന്നലെ കൗൺസിൽ ആരംഭിച്ചയുടൻ ഇടതുപക്ഷത്തെ വനിതാ കൗൺസിലർമാരുടെ നേതൃത്വത്തിൽ പ്രതിക്ഷേധവുമായി രംഗത്തെത്തുകയായിരുന്നു. ഇതിനെതിരേ ഭരണപക്ഷ കൗൺസിലർമാരായ എം.ഒ. വർഗീസ്, നൗഷാദ് പല്ലച്ചി എന്നിവർ രംഗത്തുവന്നതോടെ ഇടത്ത് വനിതാ കൗൺസിലർമാർ തങ്ങളുടെ ഇരിപിടങ്ങളിൽനിന്ന് എഴുന്നേറ്റ് ഷാജി വാഴക്കാല പരസ്യമായി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് രംഗത്തെത്തി.
ഇതിനിടെ 21 അജണ്ടകൾ പാസാക്കിയതായി പ്രഖ്യാപിച്ച് ചെയർപേഴ്സൺ കൗൺസിൽ ഹാൾ വിട്ടു. വൈകീട്ട് നാലോടെ വനിതാ കൗൺസിലർമാരുടെ പരാതി പൊലീസിനു കൈമാറണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് എം.കെ. ചന്ദ്രബാബു, കൗൺസിലർമാരായ എം.ജെ. ഡിക്സൺ, പി.സി. മനൂപ് എന്നിവരുടെ നേതൃത്വത്തിൽ സെക്രട്ടറി ഇൻചാർജ് ടി.കെ. ഹരിദാസിനെ ഉപരോധിച്ചു. തുടർന്ന് പ്രതിപക്ഷം തൃക്കാക്കര അസി. കമ്മീഷണർക്ക് നേരിട്ട് പരാതി നൽകി.