താരമാകാൻ പ്രജിത ജർമനിയിലേക്ക്
1300790
Wednesday, June 7, 2023 1:15 AM IST
നെടുമ്പാശേരി: ജൂൺ 17 മുതൽ 25 വരെ ജർമനിയിൽ നടക്കുന്ന സ്പെഷൽ ഒളിമ്പിക്സിൽ പങ്കെടുക്കാന്‍ മേക്കാട് കാരക്കാട്ടുകുന്ന് എടയാട്ട് വീട്ടില്‍ പ്രജിത ചന്ദ്രന് 7ന് കൊച്ചി വിമാനത്താവളത്തിൽ നിന്ന് പുറപ്പെടും. പ്രജിത ഇന്ത്യയ്ക്കു വേണ്ടി ഹാന്‍ഡ്ബോള്‍ മത്സരത്തിലാണ് കളിക്കുക. കാലടി പെതിയക്കര സ്നേഹ ഭവൻ സ്പെഷൽ സ്കൂൾ വിദ്യാർഥിനിയായ പ്രജിത പരേതനായ ചന്ദ്രന്റെയും ഷീലയുടെയും മകളാണ്.
2015 മുതല്‍ സ്നേഹ ഭവൻ സ്പെഷൽ സ്കൂളിൽ വിദ്യാർഥിയായ പ്രജിത അവിടെ ഹാന്‍ഡ്ബോളില്‍ പരിശീലനം നേടി ദേശീയതലത്തില്‍ വരെ മികവ് തെളിയിച്ചു. ഇക്കഴിഞ്ഞ ജനുവരി, മാര്‍ച്ച് മാസങ്ങളില്‍ മഹാരാഷ്ട്രയിലും ഹരിയാനയിലും നാലു ക്യാമ്പുകളില്‍ പങ്കെടുത്തു. ഏപ്രിലിലാണ് സ്പെഷ്യൽ ഒളിമ്പിക്സിൽ പങ്കെടുക്കാന്‍ സെലക്ഷന് ലഭിച്ചത്. എട്ടംഗ ഹാന്‍ഡ്ബോളില്‍ ടീമില്‍ മലയാളികള്‍ മൂന്നു പേരുണ്ട്. മറ്റു രണ്ടുപേര്‍ അടിമാലി, പാല സ്പെഷൽ സ്കൂള്‍ വിദ്യാര്‍ഥികളാണ്. ബാക്കിയുള്ളവര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും. സ്പെഷ്യൽ ഒളിമ്പിക്സിൽ വിവിധ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്നും ആകെ 24 പേരാണ് പോകുന്നത്.
ഹാന്‍ഡ്ബോളിനു പുറമെ സ്കൂളില്‍ മാലയും പൂക്കളുമുണ്ടാക്കാനും പേപ്പര്‍ ബാഗ് നിര്‍മാണത്തിലും പ്രജിത പ്രാവീണ്യം നേടിയിട്ടുണ്ട്. 16 വര്‍ഷം മുന്‍പ് പ്രജിതയുടെ അച്ഛന് ചന്ദ്രന് മരിച്ചു. പിന്നീട് അമ്മ ഷീലയാണ് പ്രജിതയെ നോക്കി വളര്‍ത്തിയത്. സഹോദരന് പ്രിജിത്ത്. പ്രജിതയുടെ നേട്ടത്തില്‍ കുടുംബം സന്തോഷത്തിലും പ്രാര്‍ഥനയിലുമാണ്.