അതിഥിത്തൊഴിലാളികളിൽ മലേറിയ സ്ഥിരീകരിച്ചു
1300789
Wednesday, June 7, 2023 1:15 AM IST
ആലുവ: ആലുവ മേഖലയിൽ അതിഥിത്തൊഴിലാളികൾക്കിടയിൽ തലച്ചോറിനെ ബാധിക്കുന്ന മലേറിയ രോഗം കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് റിപ്പോർട്ട്. മൂന്നു ദിവസം മുമ്പ് ഒഡീഷയിൽനിന്ന് ആലുവയിൽ ജോലിക്കെത്തിയ ദമ്പതികളിലാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ഹോട്ടലിൽ ജോലി ചെയ്യുന്ന 24 കാരനായ അതിഥി തൊഴിലാളിക്ക് തലച്ചോറിനെ ബാധിക്കുന്ന മലേറിയ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് ഇയാളുടെ ഭാര്യയ്ക്കും മലേറിയ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം ഹോട്ടൽ ജീവനക്കാർക്കു വേണ്ടി മലേറിയ രക്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. മറ്റാർക്കും മലേറിയ സ്ഥിരീകരിച്ചിട്ടില്ല. ജോലി വിട്ട് പോയവരിൽ പരിശോധന നടത്താനായിട്ടില്ല.
മുൻകരുതൽ എന്ന നിലയിൽ തൊഴിലാളി താമസിച്ച മുറികളിലെ ഭിത്തികളിൽ മലേറിയക്കെതിരെ പ്രത്യേക സ്പ്രേയിംഗ് നടത്തി. എറണാകുളം വെക്ടർ കൺട്രോൾ യൂണിറ്റ് ആണ് സ്പ്രേയിംഗ് നടത്തിയത്. ഇതിനോടനുബന്ധിച്ച് മഴക്കാല രോഗങ്ങൾക്കെതിരേ ബോധവത്കരണ പ്രതിരോധ നടപടികളുമായി ആരോഗ്യ ജാഗ്രതാ അവലോകന യോഗം ചേർന്നു.
ആലുവ നഗരസഭാ ചെയർമാൻ എം.ഒ. ജോൺ യോഗം ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതിയധ്യക്ഷൻ, കൗൺസിലർമാർ, ഡോക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു. ആർഎംഒ ഡോ. സൂര്യ ഡെങ്കിപ്പനി ബോധവത്കരണ ക്ലാസ് നയിച്ചു. ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ എം.ഐ. സിറാജ് സ്വാഗതവും ഡീന ഷിബു നന്ദിയും പറഞ്ഞു. നഗരസഭ ആരോഗ്യസ്ഥിരം സമിതിയധ്യക്ഷൻ എം.പി. സൈമൺ അധ്യക്ഷനായി.
മുഴുവൻ സ്കൂളുകളിലേയും കിണർ ജലം രാസപരിശോധനയ്ക്കു വിധേയമാക്കാൻ പ്രധാനാധ്യാപകർക്ക് നിർദേശം നൽകി. എല്ലാ വെള്ളിയാഴ്ചകളിൽ സ്കൂളുകളിലും, ശനിയാഴ്ചകളിൽ സർക്കാർ ഓഫീസുകളിലും ഞായറാഴ്ചകളിൽ വീടുകളിലും കൊതുക് ഉറവിട നശീകരണത്തിനായി ഡ്രൈ ഡേ ആചരിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.