സര്‍ക്കാര്‍ ഇടപെടലിനായി മന്ത്രിക്ക് എംഎൽഎയുടെ കത്ത്
1300787
Wednesday, June 7, 2023 1:15 AM IST
കൊച്ചി: നഗരത്തിലെ മാലിന്യ പ്രശ്നത്തില്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ടി.ജെ. വിനോദ് എംഎല്‍എ തദ്ദേശ സ്വയംഭരണ മന്ത്രിക്ക് കത്ത് നല്കി. അഡീഷണല്‍ ചീഫ് സെക്രട്ടറിയെയും നേരില്‍ കണ്ട് ആവശ്യം ഉന്നയിച്ചു.
ജൂണ്‍ ഒന്ന് മുതല്‍ ബ്രഹ്മപുരത്തേക്ക് മാലിന്യം കൊണ്ടുപോകാന്‍ പാടില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്ന് നഗരത്തില്‍ മാലിന്യ നീക്കം താറുമാറായിരിക്കുകയാണെന്ന് ടി.ജെ. വിനോദ് കത്തില്‍ ചൂണ്ടിക്കാട്ടി. കൊച്ചി നഗരസഭ സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. ജൈവ മാലിന്യ നീക്കത്തിന് രണ്ട് ഏജന്‍സികള്‍ മാത്രമേ നിലവിലുള്ളു. ഇവര്‍ക്കാകട്ടെ ഒരു ദിവസം 20 ഡിവിഷനുകളില്‍ കൂടുതല്‍ ഇടങ്ങളില്‍ നിന്ന് മാലിന്യം ശേഖരിക്കാന്‍ സംവിധാനമില്ല.
ഇതുമൂലം നഗരത്തിലെ മാലിന്യ സംസ്കരണം അമ്പേ പാളി. വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് കൃത്യമായ ഒരു പരിഹാരം ഉണ്ടാകുന്നത് വരെയെങ്കിലും ബ്രഹ്മപുരത്ത് ജൈവ മാലിന്യം സംസ്കരിക്കുന്നതിനുള്ള സംവിധാനം ഒരുക്കണമെന്നാണ് കത്തിലെ ആവശ്യം.